News

ഇറാഖി ക്രൈസ്തവരുടെ നരകയാതനകള്‍ക്ക് അറുതിയില്ല: അവസ്ഥ വിവരിച്ച് കല്‍ദായ സഭാതലവന്‍

പ്രവാചകശബ്ദം 08-11-2023 - Wednesday

വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തോടെ ദുരിതാവസ്ഥയിലായ ഇറാഖി ക്രൈസ്തവരുടെ നരകയാതനകള്‍ക്ക് യാതൊരു അറുതിയുമില്ലെന്ന് ഇറാഖി കല്‍ദായ സഭാതലവന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് സമാപിച്ച മൂന്നാഴ്ച നീണ്ട സിനഡില്‍ പങ്കെടുത്തതിന് ശേഷം വത്തിക്കാനില്‍വെച്ച് നല്‍കിയ അഭിമുഖത്തിലായിരുന്നു കര്‍ദ്ദിനാള്‍, കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാഖി ക്രൈസ്തവര്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. 2010-ല്‍ ബാഗ്ദാദിലെ സിറിയന്‍ കത്തോലിക്ക ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദ നടത്തിയ ആക്രമണത്തേക്കുറിച്ചും, ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പട്ടണമായ ക്വാരഘോഷിലെ അല്‍-ഹൈത്താം ഹാളില്‍ ഉണ്ടായ തീപിടുത്തത്തേക്കുറിച്ചും കര്‍ദ്ദിനാള്‍ എടുത്തുപറഞ്ഞു.

രക്തസാക്ഷിത്വം, പലായനം, അതിജീവനത്തിന് വേണ്ടിയുള്ള അവസാനമില്ലാത്ത പോരാട്ടം എന്നിങ്ങനെ കനത്ത വില നല്‍കേണ്ടി വന്നുവെങ്കിലും ഇറാഖി ക്രൈസ്തവരുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. യഥാര്‍ത്ഥ സുരക്ഷക്കും, ശാശ്വതമായ ഭാവിക്കും യാതൊരു ഉറപ്പുമില്ല. നിരന്തരമായ അരക്ഷിതത്വത്തിന്റേയും, അനിശ്ചിതത്വത്തിന്റേയും അന്തരീക്ഷത്തില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കുവാന്‍ കഴിയുകയില്ല. അവരുടെ രക്തം അക്രമങ്ങളിലും, അപകടങ്ങളിലും, വംശീയ പീഡനങ്ങളിലും ഒഴുകുന്നത് തുടരുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ബാഗ്ദാദിനടുത്തുള്ള കരാഡയിലെ ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദ നടത്തിയ ആക്രമണത്തിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് 13 വര്‍ഷം തികഞ്ഞു. 2 വൈദികര്‍ ഉള്‍പ്പെടെ 58 പേരാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 75 പേര്‍ക്ക് പരിക്കേറ്റിരിന്നു. ഇറാഖി ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമായിരുന്നു അത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ക്വാരക്കോഷിലെ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ തീപിടുത്തം ഇറാഖി ക്രൈസ്തവരുടെ ചരിത്രത്തിലെ മറ്റൊരു ദുരന്തമാണ്.

അല്‍-ഹൈത്താം ഹാളില്‍ ഉണ്ടായ തീപിടുത്തത്തില്‍ 126 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമവും, അരക്ഷിതാവസ്ഥയും ഇല്ലാത്ത ഒരു നല്ല ഭാവി തങ്ങളുടെ കുട്ടികള്‍ക്ക് ഉണ്ടാകണമെന്നാണ് ഇറാഖി ക്രിസ്ത്യാനികളുടെ ആഗ്രഹമെന്ന് കര്‍ദ്ദിനാള്‍ റാഫേല്‍ സാകോ വെളിപ്പെടുത്തി. സ്കൂളുകളിലും, സര്‍വ്വകലാശാലകളിലും പഠിക്കുവാനും തൊഴില്‍ തേടുവാനുമുള്ള ഒരു സാഹചര്യം അവര്‍ക്കുണ്ടാകണം, പക്ഷേ ഇറാഖില്‍ അത് ഇപ്പോഴും സാധ്യമല്ല, സുന്നികള്‍ക്കും, ഷിയാകള്‍ക്കും, കുര്‍ദ്ദുകള്‍ക്കും സംവരണമുള്ളപ്പോള്‍ ക്രൈസ്തവര്‍ക്ക് അതില്ലായെന്നും കര്‍ദ്ദിനാള്‍ വിവരിച്ചു.

More Archives >>

Page 1 of 902