News - 2024

പാപ്പയും കർദ്ദിനാളുമാരും മെത്രാന്മാരും എളിയ സേവകരാകാന്‍ വിളിക്കപ്പെട്ടവർ: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 04-11-2023 - Saturday

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയും കർദ്ദിനാളുമാരും മെത്രാന്മാരും എളിയ സേവകരാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് ഫ്രാന്‍സിസ് പാപ്പ. നിര്യാതനായ തന്റെ മുൻഗാമി ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കും, മരണമടഞ്ഞ മറ്റു കർദ്ദിനാൾമാർ, മെത്രാന്മാർ എന്നിവർക്കും വേണ്ടി വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അര്‍പ്പിച്ച ബലിയര്‍പ്പണ മധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രൈസ്തവർ, പ്രത്യേകിച്ച് പാപ്പയും, കർദ്ദിനാളുമാരും മെത്രാന്മാരും വിളിക്കപ്പെട്ടിരിക്കുന്നത് എളിയവരായ വേലക്കാരാകുവാനാണ്, സേവകരാകുവാൻ; അല്ലാതെ സേവിക്കപ്പെടാനല്ലായെന്നും കർത്താവിന്റെ സഭയ്ക്കായി സ്വയം ത്യജിക്കുന്നത് ഏറെ നല്ല കാര്യമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.

ദൈവത്തിന്റെ ദയയാർന്ന നോട്ടവും എളിമയാർന്ന ഹൃദയവും നമുക്ക് ലഭിക്കാനായി പ്രാർത്ഥിക്കാം. മരണത്തിന് മേലെ വിജയം വരിക്കുന്ന ദയയുടെ മാർഗ്ഗവും എളിമയും യാചിച്ചുകൊണ്ട് ജീവിതത്തിൽ കർത്താവിനെ കേന്ദ്രമാക്കിയ അവരിൽ അജപാലകരുടെ ഹൃദയവും, ദയയും എളിമയുമുണ്ടായിരുന്നു. അനാഥനും വിധവയും ഏറ്റം എളിയവരിൽ എളിയവരാണ്. തങ്ങളുടെ സകല പ്രത്യാശയും കർത്താവിൽ മാത്രം അർപ്പിക്കുന്നവർ, ജീവിതത്തിന്റെ കേന്ദ്രത്തിൽ ദൈവത്തെ പ്രതിഷ്ഠിക്കുന്നവർ, സ്വന്തം ശക്തിയിലല്ല ദൈവത്തിലും, ഒരിക്കലും തോൽക്കാത്ത അവിടുത്തെ സ്നേഹത്തിലും ആശ്രയിക്കുന്നവർ.

ഇതാണ് ക്രിസ്തീയമായ എളിമ. അത് പല പുണ്യങ്ങളിൽ ഒന്നായല്ല മറിച്ച് ദൈവത്തെ ആവശ്യമുണ്ടെന്ന് വിശ്വസിക്കുന്ന അടിസ്ഥാന ജീവിത മനോഭാവമാണെന്നും പാപ്പ എടുത്തു പറഞ്ഞു. ദൈവം എളിമയെ ഇഷ്ടപ്പെടുന്നു. കാരണം അത് നമ്മോടു ഇടപഴകാൻ അവിടുത്തെ അനുവദിക്കുന്നുവെന്നും. സ്വയം കേന്ദ്രത്തിൽ നിറുത്താത്തവരെ ദൈവം ഇഷ്ടപ്പെടുന്നുവെന്നും എളിയവർ ദൈവത്തിന് സദൃശമാണെന്നും പാപ്പ പറഞ്ഞു. മരണമടഞ്ഞ നമ്മുടെ ഈ പ്രിയപ്പെട്ട സഹോദരർക്കായി പ്രാർത്ഥിക്കാം എന്ന അഭ്യർത്ഥനയോടെയാണ് പാപ്പ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.

More Archives >>

Page 1 of 901