News - 2024

പാലസ്തീന്‍ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 04-11-2023 - Saturday

വത്തിക്കാന്‍ സിറ്റി: പാലസ്തീന്‍ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ച് ഫ്രാൻസിസ് പാപ്പ. ഫ്രാൻസിസ് പാപ്പയുടെ സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ പാലസ്തീന്‍ പ്രസിഡന്‍റ് വെടിനിറുത്തലിനായി സമ്മര്‍ദ്ധം തുടരാൻ പാപ്പയോടു അഭ്യര്‍ത്ഥിച്ചു. വത്തിക്കാന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടറാണ് ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരെ അറിയിച്ചത്. ഇന്നലെ വൈകിട്ട് നടന്ന സംഭാഷണത്തിൽ സമാധാനം കെട്ടിപ്പടുക്കാൻ ഫ്രാൻസിസ് പാപ്പ നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡന്‍റ് നന്ദി അറിയിച്ചതായി പാലസ്തീനിയൻ വാർത്ത ഏജൻസിയായ വാഫാ റിപ്പോർട്ട് ചെയ്തു.

വത്തിക്കാന്റെ തുടർച്ചയായുള്ള ഇടപെടലുകൾ ഉടനടി വെടിനിറുത്തൽ ആവശ്യപ്പെടാനും സാധാരണ ജനങ്ങളെ യുദ്ധത്തിന്റെ ക്രൂരതയിൽ നിന്ന് രക്ഷിക്കാനും നിര്‍ണ്ണായകമാണെന്ന് പ്രസിഡന്‍റ് അബ്ബാസ് അടിവരയിട്ടു പറഞ്ഞു. സംഘർഷം ആരംഭിച്ച ഒക്ടോബർ 7 മുതൽ സമാധാനത്തിനായുള്ള ആഹ്വാനം ഫ്രാന്‍സിസ് പാപ്പ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. ഹമാസിന്റെ പക്കലുള്ള തടവുകാരെ മോചിപ്പിക്കാനും ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാനുമുള്ള നിരന്തരമായ ആഹ്വാനം പാപ്പ ആവര്‍ത്തിച്ചു. സമാധാനത്തിനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെയും ജെറുസലേമിന് പ്രത്യേക സ്ഥാനം നൽകികൊണ്ട് രണ്ടു രാഷ്ട്രങ്ങൾ എന്ന പരിഹാരമാർഗ്ഗവും മുന്നോട്ടുവച്ചിരുന്നു.

More Archives >>

Page 1 of 901