News - 2024

തട്ടിക്കൊണ്ടുപോയ മകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു; ക്രൈസ്തവ കുടുംബം പാക്ക് കോടതിയിൽ

പ്രവാചകശബ്ദം 07-11-2023 - Tuesday

ലാഹോര്‍: പാക്കിസ്ഥാനില്‍ ഇസ്ലാം മതവിശ്വാസി തട്ടിക്കൊണ്ടുപോയ തന്റെ മകളെ വിട്ടുനൽകണമെന്ന അഭ്യർത്ഥനയുമായി ക്രിസ്ത്യന്‍ പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. മുഹമ്മദ് അമീർ എന്ന വ്യക്തി തട്ടിക്കൊണ്ടുപോയ തന്റെ മകളെ വിട്ടുനൽകണമെന്ന അഭ്യർത്ഥനയുമായി സംറീൻ എന്ന ക്രൈസ്തവ പെൺകുട്ടിയുടെ പിതാവാണ് ലാഹോർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മുഹമ്മദ് അമീർ ഇതിനോടകം പെൺകുട്ടിയെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു. കാനീസ് ഫാത്തിമ എന്ന പേര് പെണ്‍കുട്ടിക്ക് നല്‍കിയെന്നും പിതാവ് ആരോപിച്ചു.



അനാഥാലയത്തിൽ അധ്യാപകനായി ജോലി ചെയ്യുന്ന സംറീന്റെ പിതാവ് അഫ്താബ് ജോസഫും, വീട്ടുജോലി ചെയ്യുന്ന അവളുടെ മാതാവും, നീതി ആവശ്യപ്പെട്ട് നിയമ പോരാട്ടവുമായി മുന്നോട്ടു പോകുകയാണ്. വലിയ സ്വാധീനമുള്ള കുടുംബത്തിലെ അംഗമായ മുഹമ്മദ് അമീർ, ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയ ജാരൻവാലയിൽ കൈസ്തവ ദേവാലയങ്ങൾ കത്തിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന ആളാണ്. മകളെ വിട്ടു നൽകാനുള്ള ആവശ്യവുമായി പിതാവ് മുന്നോട്ടു വന്നതിനാൽ അതിനെ പ്രതിരോധിക്കാനായി അഫ്താബ് ജോസഫിനെതിരെ മറ്റൊരു കേസ് അമീറിന്റെ കുടുംബം നൽകിയിട്ടുണ്ട്. ഭർത്താവിന്റെ അടുത്തുനിന്ന് സംറീനെ കൊണ്ടുപോകാൻ അവളുടെ പിതാവ് ശ്രമിക്കുന്നുവെന്നാണ് ഇവരുടെ പരാതി.

ഇരകളാക്കപ്പെട്ടവർക്ക് നീതി ലഭിക്കുന്നതിന് തടസ്സമാകുകയാണെന്നും കുറ്റക്കാരെ രക്ഷപ്പെടാൻ നിയമം അനുവദിക്കുന്നുവെന്നും വോയിസ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ അധ്യക്ഷൻ ജോസഫ് ജാൻസൻ ആരോപിച്ചു. പാക്കിസ്ഥാനിലെ സിവിൽ നിയമം അനുസരിച്ച് പ്രവിശ്യകളുടെ അടിസ്ഥാനത്തിൽ പതിനാറു വയസ്സായാൽ മാത്രമേ വിവാഹം ചെയ്യാൻ പെൺകുട്ടികൾക്ക് അനുവാദമുള്ളൂ. എന്നാൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്താൽ 9 വയസ്സിനു മുകളിലേക്ക് വിവാഹം ചെയ്യാനുള്ള അനുമതി ശരിയത്ത് നിയമപ്രകാരം ഉണ്ടെന്ന് ജാൻസൻ ചൂണ്ടിക്കാട്ടി. അതേസമയം ഇത്തരത്തിൽ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തുന്ന ക്രൈസ്തവ, ഹൈന്ദവ പെൺകുട്ടികളുടെ എണ്ണം രാജ്യത്ത് വർദ്ധിക്കുകയാണ്. ഏകദേശം ആയിരത്തോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഓരോ വർഷവും ഈ അതിക്രമത്തിന്റെ ഇരകളാക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.

More Archives >>

Page 1 of 901