News

ജനപ്രിയ ബൈബിള്‍ പരമ്പര ‘ദി ചോസണ്‍’ന്റെ നാലാം ഭാഗം അടുത്ത വര്‍ഷം തീയേറ്ററുകളില്‍; പുതിയ ട്രെയിലര്‍ പുറത്ത്

പ്രവാചകശബ്ദം 07-11-2023 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയുടെ അകമ്പടിയോടെ ജനപ്രിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പരയായ ‘ദി ചോസണ്‍’ന്റെ നാലാം ഭാഗം വരുന്നു. ഓണ്‍ലൈനിലൂടെയുള്ള സ്ട്രീമിംഗിന് മുന്‍പായി അടുത്ത വര്‍ഷം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്. പരമ്പരയുടെ മൂവായിരത്തിയഞ്ഞൂറോളം ആരാധകരെ പങ്കെടുപ്പിച്ചുകൊണ്ട് ഡാള്ളസില്‍വെച്ച് നടന്ന ദി ചോസണ്‍ ഇന്‍സൈഡേഴ്സ് കോണ്‍ഫറന്‍സില്‍വെച്ചാണ് നാലാം ഭാഗത്തിന്റെ റിലീസിംഗ് സംബന്ധിച്ച പ്രഖ്യാപനം വന്നത്.

2024 ഫെബ്രുവരി ഒന്നിനാണ് 1-3 വരെയുള്ള എപ്പിസോഡുകള്‍ പ്രദര്‍ശിപ്പിക്കുക. 4-6 വരെയുള്ള എപ്പിസോഡുകള്‍ ഫെബ്രുവരി 15നും, 7, 8 എപ്പിസോഡുകള്‍ ഫെബ്രുവരി 29നുമാണ് പ്രദര്‍ശിപ്പിക്കുക. ഫാതോം ഇവന്റ്സിനാണ് അമേരിക്കയിലേയും, കാനഡയിലെയും പ്രദര്‍ശനത്തിന്റെ വിതരണാവകാശം. പരമ്പരയുടെ പുതിയ ട്രെയിലറും പുറത്തുവന്നിട്ടുണ്ട്. തീയേറ്റര്‍ പ്രദര്‍ശനം കഴിഞ്ഞതിന് ശേഷം ‘ദി ചോസണ്‍’ ആപ്പിലൂടേയും, മറ്റ് കേബിള്‍ ടിവി വഴിയും നാലാം സീസണ്‍ സംപ്രേഷണം ചെയ്യും. അമേരിക്കക്കും കാനഡക്കും പുറമേ, ദി ചോസണിന്റെ പ്രധാന എപ്പിസോഡുകള്‍ ലാറ്റിന്‍ അമേരിക്കയിലും, യു.കെയിലും, പോളണ്ടിലും, ഓസ്ട്രേലിയയിലും, ന്യൂസിലന്‍ഡിലും പ്രദര്‍ശിപ്പിക്കുവാനും പദ്ധതിയുണ്ട്.

സീസണ്‍ 4-ന്റെ എപ്പിസോഡുകള്‍ വലിയ സ്ക്രീനില്‍ കാണുവാനുള്ള അവസരം നിഷേധിക്കുകയാണെങ്കില്‍ അത് ആരാധകരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കുമെന്ന് പരമ്പരയുടെ സംവിധായകനായ ഡാളസ് ജെങ്കിന്‍സ് പറഞ്ഞു. സ്നാപക യോഹന്നാന്‍ കൊല്ലപ്പെടുവാന്‍ പോകുന്നതും, മഗ്ദലന മറിയം ശൂന്യമായ കല്ലറയിലേക്ക് ഉറ്റുനോക്കുന്നതും ഉള്‍പ്പെടെയുള്ള ബൈബിള്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദി ചോസണ്‍ ടീമുമായി സഹകരിച്ച് നാലാം സീസണ്‍ തീയേറ്ററുകളിലൂടെ പ്രേക്ഷകരില്‍ എത്തിക്കുവാന്‍ കഴിയുന്നതില്‍ ആവേശഭരിതരാണെന്ന് വിതരണക്കാരായ ഫാതോം ഇവന്റ്സിന്റെ സി.ഇ.ഒ റേ നട്ട് പറഞ്ഞു.

പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദി ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അന്‍പതോളം ഭാഷകളില്‍ ഈ പരമ്പര തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 600 ഭാഷകളില്‍ സബ്ടൈറ്റില്‍ ലഭ്യമാക്കുവാനും അണിയറക്കാര്‍ക്ക് പദ്ധതിയുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ പുതിയ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 902