News

ഭവനരഹിതയായ ഗര്‍ഭിണി വഴിയരികില്‍ മാസം തികയാതെ പ്രസവിച്ചപ്പോള്‍ സഹായത്തിനെത്തിയത് കത്തോലിക്ക വൈദികന്‍

പ്രവാചകശബ്ദം 22-11-2023 - Wednesday

വാഷിംഗ്ടണ്‍ ഡി‌.സി: നിറഗര്‍ഭിണിയും ഭവനരഹിതയുമായ സ്ത്രീ പ്രസവവേദനയാല്‍ നിലവിളിക്കവേ അവരുടെ സഹായത്തിനെത്തിയ യുവ കത്തോലിക്ക വൈദികന്‍ കരുണയുടെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി. വാഷിംഗ്ടണിലെ യാകിമായിലെ സെന്റ്‌ പോള്‍ കത്തീഡ്രലിലെ പറോക്കിയല്‍ വികാരിയായ ഫാ. ജീസസ് മരിസ്കാലാണ് ഭവനരഹിതയായ സ്ത്രീയെ ഇരട്ടകുട്ടികളെ പ്രസവിക്കുവാന്‍ സഹായിച്ചത്. 'കാത്തലിക് എക്സ്റ്റന്‍ഷ'നോടാണ് അദ്ദേഹം ഈ സംഭവം പങ്കുവെച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കല്യാണ ഉറപ്പിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഏതാനും സാധനം വാങ്ങുവാന്‍ പോകുന്ന വഴിക്കാണ് രക്തമൊലിച്ച് നില്‍ക്കുന്ന സ്ത്രീ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

താനിപ്പോള്‍ പ്രസവിക്കുവാന്‍ പോവുകയാണെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടായിരുന്നു അവര്‍ നിന്നിരുന്നത്. ആ കാഴ്ചകണ്ട് അമ്പരന്നുപോയ ഫാ. മരിസ്കാല്‍ ഒട്ടും അമാന്തിക്കാതെ അവരുടെ സഹായത്തിനെത്തുകയായിരുന്നു. തന്റെ ഫോണെടുത്ത് എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചുകൊണ്ട് ഫോണ്‍ സ്പീക്കര്‍ മോഡിലിട്ട് അവര്‍ പറഞ്ഞ പ്രകാരം ആ സ്ത്രീയെ നിലത്തുകിടത്തി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആ സ്ത്രീ ഒരു കുട്ടിയെ പ്രസവിച്ചു. കരഞ്ഞുകൊണ്ടിരുന്ന ആണ്‍കുട്ടിയെ ഫാ. മരിസ്കാലാണ് ആയ സ്ത്രീയുടെ കൈകളില്‍ ഏല്‍പ്പിച്ചത്. അപ്പോഴാണ്‌ ആ സ്ത്രീ പറയുന്നത് താന്‍ മറ്റൊരു കുട്ടിയേക്കൂടി പ്രസവിക്കുവാന്‍ പോവുകയാണെന്ന്.

ഫാ. മരിസ്കാല്‍, 911 ഓപ്പറേറ്ററോട് രണ്ടാമത്തെ കുട്ടി ഇപ്പോഴും അംനിയോട്ടിക് സാക്കിലാണെന്നും കുട്ടിയുടെ ചലനങ്ങള്‍ തനിക്ക് കാണുവാന്‍ കഴിയുന്നുണ്ടെന്നും പറഞ്ഞു. തുടര്‍ന്നു ലഭിച്ച നിര്‍ദ്ദേശങ്ങള്‍ കരുതിയതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നുവെന്നു വൈദികന്‍ പറയുന്നു. യാതൊരു ഉപകരണവും കൈയില്‍ ഇല്ലാതിരുന്നിട്ട് പോലും തന്റെ കൈകൊണ്ട് സാക്ക് പൊട്ടിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കുട്ടിയാകട്ടെ ശ്വസിക്കുന്നതുപോലും ഇല്ലായിരുന്നു. പൊക്കിള്‍വള്ളി ശിശുവിന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുകയായിരുന്നു. ഓപ്പറേറ്റര്‍ പറഞ്ഞ പ്രകാരം വൈദികന്‍, കുട്ടിയെ തന്റെ അടുത്ത് കിടത്തി പുറത്ത് മൃദുവായി തട്ടി.

ഭീകരമായ കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം കുട്ടി കരയുവാന്‍ തുടങ്ങി. ആ കുട്ടിയേയും ഫാ. മരിസ്കാല്‍ ആ സ്ത്രീക്ക് കൈമാറി. ഏതാനും സമയം കഴിഞ്ഞപ്പോഴാണ് പാരാമെഡിക്കല്‍ സംഘം അവിടെ എത്തിയത്. സ്ത്രീയേയും കുട്ടികളേയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. മാസം തികയുന്നതിനു മുന്‍പായിരുന്നു കുട്ടികളുടെ ജനനം. ഫാ. മരിസ്കാല്‍ ആശുപത്രിയിലെത്തി കുട്ടികളേയും അമ്മയേയും സന്ദര്‍ശിച്ചിരുന്നു. പ്രസവ വേദനയില്‍ നുറുങ്ങിയ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ആശ്വാസമേകുവാന്‍ കഴിഞ്ഞതിന്‍റെ ആഹ്ളാദത്തിലാണ് ഫാ. ജീസസ്.

More Archives >>

Page 1 of 908