News - 2024

"എന്റെ പുൽക്കൂട്": ഫ്രാൻസിസ് പാപ്പയുടെ ഗ്രന്ഥം പ്രകാശനം ചെയ്തു

പ്രവാചകശബ്ദം 22-11-2023 - Wednesday

വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ജനനനിമിഷങ്ങളെ ജീവനുള്ള കഥാപാത്രങ്ങളെ കൊണ്ട് ഇറ്റലിയിലെ ഗ്രെച്ചോയിൽ വിശുദ്ധ ഫ്രാൻസിസ് അസീസ്സി ആദ്യമായി പുനരാവിഷ്ക്കരിച്ചതിന്റെ എണ്ണൂറാം വാർഷികത്തിൽ, പുൽക്കൂട്ടിൽ വിവിധങ്ങളായ കഥാപാത്രങ്ങളുടെ ഔന്നത്യവും, പ്രത്യേകതയും എടുത്തുകാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ രചിച്ച 'എന്റെ പുൽക്കൂട്' (il mio presepe) എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. ഇന്നലെ നവംബർ ഇരുപത്തിയൊന്നാം തീയതിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

തന്റെ അജപാലനശുശ്രൂഷയുടെ വിവിധ അവസരങ്ങളിൽ യേശുവിന്റെ ജനനരംഗത്തെ സംബന്ധിച്ചും, പുൽക്കൂട്ടിലെ വിവിധ സംഭവ കഥാപാത്രങ്ങളെ സംബന്ധിച്ചും നടത്തിയ വിചിന്തനങ്ങളും, പ്രസംഗങ്ങളും, ധ്യാനങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യേശുവിന്റെ ജനനരംഗത്തിനും അതിലെ കഥാപാത്രങ്ങൾക്കും ഇന്നത്തെ ജീവിതവുമായുള്ള അഭേദ്യമായ ബന്ധത്തെ പുസ്തകം എടുത്തു കാണിക്കുന്നുണ്ടെന്ന് 'വത്തിക്കാന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

യേശു, മറിയം, യൗസേപ്പ്, മാലാഖമാർ, ഇടയന്മാർ, രാജാക്കന്മാർ , നക്ഷത്രം, പുൽത്തൊട്ടി എന്നിങ്ങനെ ഓരോ സംഭവങ്ങളും, ആഴത്തിലുള്ള ധ്യാനത്തിലേക്ക് പുസ്തകം ക്ഷണിക്കുകയാണ്. ഇന്നും പുനരാവിഷ്കരിക്കുന്ന ബെത്ലഹേമിലെ രാത്രിരംഗം , അവിശ്വാസികളുടെപോലും ഹൃദയങ്ങളെ സ്പർശിക്കാൻ ഉതകുന്നതാണെന്ന് പുസ്തകത്തിൽ പറയുന്നു. ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിലാണ് പുസ്തകം ആദ്യം പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് സ്പാനിഷ്, ജർമ്മൻ, സ്ലോവേനിയൻ ഭാഷകളിലെ പതിപ്പുകളും പുറത്തിറങ്ങും.


Related Articles »