News - 2024

ജർമ്മൻ സഭ പ്രാര്‍ത്ഥനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: നവീകരണ ആശയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 23-11-2023 - Thursday

വത്തിക്കാന്‍ സിറ്റി: ജർമ്മനിയിലെ കത്തോലിക്കാ സഭ പുതുതായി രൂപം കൊടുത്തുവരുന്ന നവീകരണ ആശയങ്ങളിൽ ഫ്രാൻസിസ് പാപ്പ വീണ്ടും ആശങ്ക പ്രകടിപ്പിച്ചു. രണ്ട് ദൈവശാസ്ത്ര പ്രൊഫസർമാരുൾപ്പെടെ നാല് ജർമ്മൻ കത്തോലിക്ക സ്ത്രീകളുടെ കത്തിനുള്ള മറുപടി നവംബർ മാസം പത്താം തീയതിയാണ് പാപ്പാ തന്റെ കൈയൊപ്പോടുകൂടി നൽകിയത്. ജർമ്മനിയിലെ പ്രാദേശിക സഭയുടെ "സിനഡൽ പാത" വീക്ഷണത്തിൽ റോമുമായുള്ള ഐക്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയ്ക്കു അയച്ച കത്തിനു മറുപടിയായുള്ള കത്തിലാണ് ഫ്രാൻസിസ് പാപ്പ തന്റെ എതിര്‍പ്പ് പ്രകടമാക്കിയത്. ജർമ്മൻ സഭ മുൻപോട്ടു വയ്ക്കുന്ന പ്രത്യയശാസ്ത്രപരമായ ആശയങ്ങൾ കത്തോലിക്കാ സഭയുടെ കൂദാശ ഘടനയുമായി യോജിപ്പിക്കാൻ കഴിയില്ലായെന്ന് പാപ്പ വ്യക്തമാക്കി.

പ്രവർത്തനപരമായ വ്യതിയാനങ്ങളിലോ പ്രത്യയശാസ്ത്രപരമായ അപചയങ്ങളിലോ വീഴാതെ സുവിശേഷത്തിന്റെ ശരിയായ പാതയിലൂടെ സഞ്ചരിക്കുവാൻ മെത്രാന്മാരോടും, വൈദികരോടും, സന്യസ്തരോടും അത്മായരോടും പാപ്പ ആഹ്വാനം ചെയ്തു. ജർമ്മനിയിലെ കത്തോലിക്കർ പ്രാർത്ഥനയിലും തപസ്സിലും ആരാധനയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാപ്പ മറുപടി കത്തില്‍ ആഹ്വാനം ചെയ്തു. ദൈവശാസ്ത്രജ്ഞരായ കാതറീന വെസ്റ്റർഹോർസ്റ്റ്മാൻ, മരിയാൻ ഷ്ലോസർ, പത്രപ്രവർത്തക ഡൊറോത്തിയ ഷ്മിഡ്, മത തത്ത്വചിന്തക ഹന്ന-ബാർബറ ജെർൽ-ഫാൽകോവിറ്റ്സ് എന്നിവർ ചേര്‍ന്നെഴുതിയ കത്തിനാണ് ഫ്രാന്‍സിസ് പാപ്പയുടെ മറുപടി.

നേരത്തെ സഭാപ്രബോധനത്തിനും, വിശ്വാസത്തിനും, ക്രിസ്തീയ ചിന്താഗതികള്‍ക്കും ബൈബിളിനും, ദൈവവചനങ്ങള്‍ക്കും, അപ്പസ്തോലിക പാരമ്പര്യത്തിനും വിരുദ്ധമായി സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്ക് അനുകൂലമായി സിനഡല്‍ അസംബ്ലിയില്‍ പങ്കെടുത്ത ജര്‍മ്മന്‍ മെത്രാന്മാര്‍ സ്വീകരിച്ച നിലപാട് വിവാദമായിരിന്നു. 2021-ല്‍ ജര്‍മ്മന്‍ മാഗസിനായ ‘ഹെര്‍ഡര്‍ കൊറസ്പോണ്ടെന്‍സ്’ന്റെ ഓഗസ്റ്റ് ലക്കത്തിനുവേണ്ടി തോബിയാസ് വിന്‍സ്റ്റെലിന് എഴുതി നല്‍കിയ അഭിമുഖത്തില്‍ ജര്‍മ്മന്‍ സഭാ സ്ഥാപനങ്ങളിലെ വിശ്വാസരാഹിത്യത്തില്‍ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനും ആശങ്ക പ്രകടിപ്പിച്ചിരിന്നു.

More Archives >>

Page 1 of 909