News - 2025

അമേരിക്കയില്‍ കത്തോലിക്ക വൈദികന്‍ കുത്തേറ്റ് മരിച്ചു

പ്രവാചകശബ്ദം 12-12-2023 - Tuesday

ഒമാഹ: അമേരിക്കയിലെ മധ്യപടിഞ്ഞാറന്‍ സംസ്ഥാനമായ നെബ്രാസ്കയിലെ കത്തോലിക്ക ദേവാലയ റെക്ടറിയില്‍ കത്തോലിക്ക വൈദികന്‍ കുത്തേറ്റ് മരിച്ചു. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ അറുപത്തിനാലു വയസ്സുള്ള നെബ്രാസ്കയിലെ ഫോര്‍ട്ട്‌ കാല്‍ഹൗണിലെ സെന്റ്‌ ജോണ്‍ ബാപ്റ്റിസ്റ്റ് കത്തോലിക്കാ ദേവാലയത്തിന്റെ റെക്ടറിയില്‍ നടന്ന ആക്രമണത്തിനിടെ ഫാ. സ്റ്റീഫന്‍ ഗട്ട്ഗ്സെല്‍ എന്ന വൈദികനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ഫാ. ഗട്ട്ഗ്സെല്ലിനെ ഒമാഹയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഫാ. ഗട്ട്സെല്ലിനേയും അക്രമിയെന്ന് കരുതപ്പെടുന്ന വ്യക്തിയേയും കണ്ടെത്തി.അക്രമിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേസമയം അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ സംശയിക്കപ്പെടുന്ന വ്യക്തിയുടെ പേരോ, കൊലപാതകത്തിന്റെ രീതിയോ പുറത്തുവിടുവാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ഇയോവ സ്വദേശിയായ കിയറി എല്‍. വില്യംസാണ് അക്രമത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. 1994 മുതല്‍ 2003 വരെ ഒമാഹ അതിരൂപതയിലെ ചാന്‍സിലറായി സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് കൊല്ലപ്പെട്ട വൈദികന്‍. കഴിഞ്ഞ 11 വര്‍ഷമായി ഫാ. ഗുട്ട്സെല്‍ സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ സേവനം ചെയ്തു വരികയായിരുന്നു.


Related Articles »