News - 2024

2 പുതിയ മെത്രാന്മാര്‍ ഉള്‍പ്പെടെ ഭാരതസഭയ്ക്കു 4 നിയമന ഉത്തരവുകളുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 31-12-2023 - Sunday

വത്തിക്കാന്‍ സിറ്റി/ മുംബൈ: മധ്യപ്രദേശിലെ ജാബുവ, മഹാരാഷ്ട്രയിലെ നാഷിക്ക് എന്നീ രൂപതകൾക്കും ജാർഖണ്ഡിലെ റാഞ്ചി അതിരൂപതയ്ക്കും പുതിയ മെത്രാന്‍മാരെയും ഔറംഗബാദ് രൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്ള ഒരു മെത്രാനെയും പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ശനിയാഴ്ചയാണ് (30/12/23) ഈ നിയമന ഉത്തരവുകൾ ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചത്. ജാബുവ രൂപതയുടെ പുതിയ മെത്രാനായി രൂപതാംഗമായ ഡോ. പീറ്റർ റുമാൽ ഖരാദിയാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.

1959 ഏപ്രിൽ 10-ന് അജ്മീർ രൂപതയിൽപ്പെട്ട കൽദേലയിൽ ജനിച്ച ഖരാദി, 1988 ഏപ്രിൽ 6-ന് ഉദയ്പൂർ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട് ജാബുവ രൂപതയിൽ ചേരുകയും ചെയ്തു. രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തുവരികയാണ് പുതിയ നിയമനം. ബോംബെ അതിരൂപതയുടെ സഹായമെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ബിഷപ്പ് ബർത്തോൾ ബറേത്തൊയെയാണ് നാഷിക്ക് രൂപതയുടെ അധ്യക്ഷനായി പാപ്പ നിയമിച്ചിരിക്കുന്നത്.

നാഷിക്ക് രൂപതയുടെ മെത്രാൻ ലൂർദ്ദ്നാഥ ഡാനിയേൽ സമർപ്പിച്ച രാജി ശനിയാഴ്ച (30/12/23) സ്വീകരിച്ചതിനെ തുടർന്നാണ് പാപ്പ പുതിയ നിയമനം നടത്തിയത്. മുംബൈ സ്വദേശിയായ അദ്ദേഹം 1961 സെപ്റ്റംബർ 16-നാണ് ജനിച്ചത്. ജാർഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ അദ്ധ്യക്ഷനായി, ബാഗ്ഡോഗ്ര രൂപതയുടെ സാരഥിയായിരുന്ന ബിഷപ്പ് വിൻസെൻറ് അയിന്തിനെയാണ് പാപ്പ നിയമിച്ചിരിക്കുന്നത്. അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫെലിക്സ് ടോപ്പോ സമർപ്പിച്ച രാജി ശനിയാഴ്ച (30/12/23) സ്വീകരിച്ചതിനു ശേഷമാണ് പാപ്പ പുതിയനിയമനം നടത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ്.

മഹാരാഷ്ട്രയിലെ ഔറംഗബാദ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് ഡോ. ബെർണ്ണാഡ് ലാൻസി പിന്‍റോയാണ്. 1963 ആഗസ്റ്റ് 20-ന് ജനിച്ച നിയുക്ത മെത്രാൻ 1997 ഏപ്രിൽ 29-നാണ് പൗരോഹിത്യം സ്വീകരിച്ചത്. മുംബൈയിലെ വിശുദ്ധ മിഖായേലിൻറെ ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹത്തെ തേടി പുതിയ നിയമനം വത്തിക്കാനില്‍ നിന്നെത്തിയത്.


Related Articles »