News - 2024

യേശുവിനെ ശക്തമായി പ്രഘോഷിക്കണം: സുവിശേഷവത്കരണം സജീവമാക്കാന്‍ അമേരിക്കൻ മെത്രാൻ സമിതി

പ്രവാചകശബ്ദം 08-01-2024 - Monday

വാഷിംഗ്ടണ്‍ ഡി‌സി: സ്പെയിന്‍ ഭാഷയുമായി ബന്ധപ്പെട്ട് കഴിയുന്ന ഹിസ്പാനിക് വംശജർക്ക് വേണ്ടി അമേരിക്കൻ മെത്രാൻ സമിതി പ്രഖ്യാപിച്ച അജപാലന പദ്ധതികളില്‍ ഏറ്റവും മുൻഗണന നൽകിയിരിക്കുന്നത് സുവിശേഷവത്കരണത്തിന്. ഏകദേശം മൂന്നു കോടിയോളം ഹിസ്പാനിക് വംശജരായ കത്തോലിക്കരാണ് അമേരിക്കയിലുള്ളത്. 'മിഷ്ണറി ഡിസൈപ്പിൾസ് ഗോയിങ് ഫോർത്ത് വിത്ത് ജോയ്' എന്നതാണ് അജപാലന പദ്ധതികൾക്ക് നൽകിയിരിക്കുന്ന പേര്. യേശുക്രിസ്തുവിന്റെ മരണവും, ഉയിർപ്പും നടന്നതിന്റെ 2000 വര്‍ഷം പൂർത്തിയാകുന്ന 2033 വരെ 10 വർഷത്തേക്കുള്ള അജപാലന പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

ഇതിനിടയിൽ 2031-ൽ ഗ്വാഡലൂപ്പെ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ അഞ്ഞൂറാം വാർഷികവും ആചരിക്കപ്പെടും. അമേരിക്കയിൽ എത്തുന്നവർക്ക് ക്രൈസ്തവ വിശ്വാസത്തിൽ ശക്തമായ പരിശീലനം നൽകി അവരെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റുന്ന കത്തോലിക്ക സഭയുടെ ചരിത്രപരമായ നിയോഗം മുൻനിർത്തി സുവിശേഷവൽക്കരണത്തിനും, മിഷനും കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു സഭയായി മാറുക എന്നതാണ് പ്രഖ്യാപിക്കപ്പെട്ട നയങ്ങളിലെ ഒരു നിർദേശം. അമേരിക്കയിലെ കത്തോലിക്കാ വിശ്വാസികളിൽ നാല്‍പ്പതു ശതമാനവും ഹിസ്പാനിക് വംശജരാണെന്ന് 2021ൽ അമേരിക്കൻ മെത്രാൻ സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിച്ചിരിന്നു.

ഇവർ രാജ്യത്തെ ഇടവകകൾക്കും, മറ്റു കത്തോലിക്കാ പ്രസ്ഥാനങ്ങൾക്കും പുതുജീവൻ നൽകുന്നത് തങ്ങൾ നേരിട്ട് കാണുന്നുവെന്നാണ് മെത്രാൻമാർ പറയുന്നത്. ജീവനെ ദൈവിക ദാനമായി അവർ കാണുന്നതും, കുടുംബത്തെ സ്നേഹിക്കുന്നതും, മാതാവിനോടുള്ള ഭക്തിയും, ദൈവിക പദ്ധതിയിൽ ഉള്ള വിശ്വാസവും ഹിസ്പാനിക് വംശജരുടെ മാത്രം പ്രത്യേകതയാണെന്ന് മെത്രാന്മാർ ചൂണ്ടിക്കാട്ടി. രാജ്യത്തെ 18 വയസ്സിൽ താഴെയുള്ള കത്തോലിക്ക വിശ്വാസികളുടെ കണക്കിൽ അറുപതു ശതമാനത്തോളം ഹിസ്പാനിക് വംശജരാണ്. സ്പെയിൻ, സ്പാനിഷ് ഭാഷ അല്ലെങ്കിൽ ഹിസ്പാനിഡാഡ് എന്നിവയുമായി ബന്ധപ്പെട്ട ആളുകളെയോ സംസ്കാരങ്ങളെയോ രാജ്യങ്ങളെയോ സൂചിപ്പിക്കുന്നു.


Related Articles »