News - 2025
ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന് ആരംഭം
പ്രവാചകശബ്ദം 18-01-2024 - Thursday
വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയും എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസും ചേര്‍ന്നുള്ള ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന് ആരംഭം. ഇന്ന് ജനുവരി 18നു ആരംഭിച്ച പ്രാര്‍ത്ഥനാവാരം വിശുദ്ധ പൗലോസിന്റെ മാനസാന്തര തിരുനാളായ ജനുവരി 25നു സമാപിക്കും. "നിങ്ങളുടെ ദൈവമായ കർത്താവിനെയും നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെയും സ്നേഹിക്കുക" എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള ഉദ്ധരണിയാണ് (ലൂക്കാ 10: 27) പ്രാർത്ഥനാ വാരത്തിന്റെ പ്രമേയം.
ഓരോ വർഷവും വിവിധ പ്രദേശങ്ങളിലെ എക്യുമെനിക്കൽ പങ്കാളികളോട് ചേര്‍ന്നാണ് പ്രാര്‍ത്ഥന തയാറാക്കുന്നത്. ഇത്തവണത്തെ പ്രാര്‍ത്ഥന, ബുർക്കിന ഫാസോയിലെ പ്രാദേശിക എക്യുമെനിക്കൽ ഗ്രൂപ്പാണ് തയാറാക്കിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം, കത്തോലിക്കാ സഭയും വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസും ചേർന്ന് 1966 മുതൽ പ്രാർത്ഥനകൾ സംയുക്തമായി കമ്മീഷൻ ചെയ്യുവാന്‍ തീരുമാനമെടുക്കുകയുമായിരിന്നു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച അമേരിക്കൻ എപ്പിസ്ക്കോപ്പൽ സമൂഹാംഗമായിരുന്ന ഫാ. പോൾ വാറ്റ്സൺ 1908-ൽ ആണ് ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന് തുടക്കം കുറിച്ചത്.
ആദ്യം ഇത് കത്തോലിക്ക സഭയ്ക്കകത്ത് മാത്രം ഒതുങ്ങിയതായിരുന്നെങ്കിലും 1948-ൽ സഭകളുടെ ലോക സമിതി (വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് - World Council of Churches – WCC) സ്ഥാപിതമായതിനു ശേഷം പല ക്രൈസ്തവ സഭകളും ഈ ആചരണത്തിൽ പങ്കുചേരാൻ തുടങ്ങുകയും എക്യുമെനിക്കൽ സ്വഭാവം കൈവരുകയുമായിരിന്നു. അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റ്, ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചുകൾ, ഈസ്റ്റേൺ ഓർത്തഡോക്സ് സഭകള്‍, മൊറാവിയൻ ചർച്ച്, ലൂഥറൻ, ആംഗ്ലിക്കൻ, മെനോനൈറ്റ്, മെത്തഡിസ്റ്റ് ചർച്ചുകൾ, ബാപ്റ്റിസ്റ്റ്, പെന്തക്കോസ്ത് കൂട്ടായ്മകളും എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തില്‍ പങ്കാളികളാകുന്നുണ്ട്.