Videos

“യേശുനാമത്തിന്റെ ശക്തി” | നോമ്പുകാല ചിന്തകൾ | പതിനൊന്നാം ദിവസം

പ്രവാചകശബ്ദം 22-02-2024 - Thursday

"എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും." (യോഹ 14:14).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനൊന്നാം ദിവസം ‍

നമ്മുടെ ജീവിതത്തിൽ വേദനകളും രോഗങ്ങളും തകർച്ചകളുമുണ്ടാകുമ്പോൾ ദൈവം എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത്? രക്ഷകനായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുമ്പോൾ എങ്ങനെയാണ് അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത്? ശാസ്ത്രത്തിനോ മനുഷ്യമനസ്സുകൾക്കോ ശരിയായി ഉത്തരം നൽകാൻ കഴിയാത്ത ഈ ചോദ്യത്തിന് ബൈബിൾ വ്യക്തമായ മറുപടി നൽകുന്നുണ്ട്.

താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ യേശു ഗത്സേമനിയിൽ തീവ്രദുഃഖത്തോടെ പ്രാർത്ഥിക്കുന്നതായി നാം സുവിശേഷത്തിൽ കാണുന്നു. അവൻ അൽപദൂരം മുന്നോട്ട് ചെന്ന് കമഴ്ന്നു വീണു പ്രാർത്ഥിച്ചു: എന്റെ പിതാവേ സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും അകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ" (മത്തായി 26:39). യേശുക്രിസ്‌തു സമ്പൂർണ്ണ മനുഷ്യനും സമ്പൂർണ്ണ ദൈവവുമാണെന്ന് ലോകത്തിന് വെളിപ്പെടുത്തിയ ഒരു സംഭവമായിരുന്നു അത് (ഡമാസ്കസിലെ യോഹന്നാൻ, Orthodox Faith, 3.18).

യഥാർത്ഥ ദൈവം എവിടെയോ മറഞ്ഞിരിക്കുന്ന ഒരു ദൈവമല്ല. പിന്നെയോ ദൈവം നമ്മുടെ പിതാവാകയാൽ നമ്മുടെ മനുഷ്യപ്രകൃതിയുടെ വേദനകളും ദൗർബല്യങ്ങളും സ്വന്തം ശരീരത്തിൽ ഏറ്റെടുക്കുവാൻ അവിടുന്ന് തന്റെ ഏകജാതനെ നമ്മെപ്പോലെ ഒരുവനായി ഈ ലോകത്തിലേക്ക് അയച്ചു. അങ്ങനെ യേശുക്രിസ്‌തു ദൈവത്തിന്റെയും മനുഷ്യരുടേയുമിടയിലെ ഏകമധ്യസ്ഥനായിരുന്നുകൊണ്ട് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നു. യേശു പറഞ്ഞു: "നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ പ്രവർത്തിക്കും" (യോഹ 14:14).

ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു; വിശ്വാസികളേ ഉണരുവിൻ, അവിടുത്തെ വാക്കുകൾ പൂർണ്ണമായും ശ്രവിക്കുവിൻ. “നിങ്ങൾ ചോദിക്കുന്നതെന്തും നിങ്ങൾക്കു ലഭിക്കും” എന്നല്ല അവിടുന്നു പറയുന്നത്. നിങ്ങൾ എന്റെ നാമത്തിൽ ചോദിച്ചെങ്കിൽ മാത്രമേ ഞാൻ നിങ്ങൾക്കു ചെയ്തു തരൂ എന്നാണ് അവിടുന്ന് സൂചിപ്പിക്കുന്നത്. 'എന്റെ നാമത്തിൽ' എന്നതു നാം പ്രത്യേകം പഠിക്കേണ്ടിയിരിക്കുന്നു. അവിടുന്ന് എന്തു കൊണ്ടാണ് ഇത് വലിയ അനുഗ്രഹം വാഗ്ദാനം ചെയ്തത്? ഈശോ മിശിഹായുടെ നാമത്തിൽ നാമിവ ചോദിക്കണം എന്ന് അവിടുന്നു പറയുന്നതെന്തിന്? 'ഈശോ' എന്നാൽ രക്ഷകൻ, 'മിശിഹാ' എന്നാൽ അഭിഷിക്തൻ അഥവാ രാജാവ് എന്നർത്ഥം. നമ്മെ രക്ഷിക്കുന്നതു വേറാരുമല്ല, രാജാവും രക്ഷകനുമായ ഈശോമിശിഹാതന്നെ. (ആഗസ്തീനോസിന്റെ ഭാഷ്യം, യോഹന്നാന്റെ സുവിശേഷം).

പ്രിയപ്പെട്ട സഹോദരങ്ങളെ, ഈ നോമ്പുകാലത്ത് ഈശോ പഠിപ്പിച്ചതുപോലെ പ്രാർത്ഥിക്കുവാൻ നമ്മുക്ക് പരിശീലിക്കാം. നമ്മുടെ പ്രാർത്ഥനകളെല്ലാം യേശുനാമത്തിലായിരിക്കട്ടെ. അങ്ങനെ യേശുനാമത്തിന്റെ ശക്തിയാൽ നമ്മുടെ ജീവിതം മുഴുവൻ നിറയപ്പെട്ടട്ടെ.


Related Articles »