News

ജർമ്മനിയില്‍ ഭ്രൂണഹത്യയുടെ അന്ത്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം

പ്രവാചകശബ്ദം 07-03-2024 - Thursday

ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഭ്രൂണഹത്യ അവസാനിക്കാൻ സമാധാനപരമായി പ്രാർത്ഥിക്കുന്ന ആളുകൾക്ക് നേരെ അബോര്‍ഷന്‍ അനുകൂലികള്‍ ആക്രമണം നടത്തി. മാർച്ച് 1 ന് നടത്തിയ ആക്രമണത്തെ അഭിഭാഷകനും 40 ഡേയ്‌സ് ഫോർ ലൈഫ് ഇൻ്റർനാഷണലിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ടോമിസ്ലാവ് കുനോവിച്ച് അപലപിച്ചു. ഇൻ്റർനാഷണൽ പ്ലാൻഡ് പാരൻ്റ്ഹുഡ് ഫെഡറേഷൻ്റെ ഓഫീസില്‍ നിന്ന് 100 അടി മാറി ജപമാല ചൊല്ലിക്കൊണ്ടിരുന്ന ഒരു കൂട്ടം ആളുകളെ ഇരുപതോളം പേര്‍ അടങ്ങുന്ന ഭ്രൂണഹത്യ അനുകൂലികള്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമായിരിന്നുവെന്ന് ടോമിസ്ലാവ് ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥിക്കാന്‍ പങ്കെടുക്കുന്നവരുടെ ഒത്തുചേരാനുള്ള അവകാശത്തെയും കേന്ദ്രം സന്ദർശിക്കുന്ന ഗർഭിണികളുടെ സ്വകാര്യതയെയും ഒരുപോലെ മാനിക്കണമെന്നും കോടതികൾ ആവശ്യപ്പെടുന്ന പ്രകാരം നിയമപരമായ രീതിയിലാണ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തിയതെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ വ്യക്തമാക്കി.

ശാരീരിക ആക്രമണ ഭീഷണി ഉണ്ടായിരുന്നിട്ടും, പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നുകൊണ്ടിരിന്നവര്‍ പിരിഞ്ഞുപോകാൻ വിസമ്മതിച്ചു. തലമറച്ചുള്ള ഹൂഡി ധരിച്ച അക്രമികൾ പ്രാര്‍ത്ഥിക്കുന്നവരുടെ സമീപത്തെത്തി അവരുടെ നേരെ ആക്രോശിക്കുകയും അവരെ ഉപദ്രവിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമായിരിന്നുവെന്നും ഭീഷണിപ്പെടുത്തലാണ് ഇതിലൂടെ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ന്യായീകരിക്കാന്‍ ഭ്രൂണഹത്യ അനുകൂലികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പൊതു മുദ്രാവാക്യമായ "മൈ ബോഡി മൈ ചോയ്സ്" എന്ന മുദ്രാവാക്യം അവർ സമീപത്ത് ഇംഗ്ലീഷിൽ എഴുതിയിരിന്നു.

സംഭവത്തില്‍ പോലീസ് കൃത്യമായ ഇടപെടല്‍ നടത്തിയില്ലായെന്നു ടോമിസ്ലാവ് കുനോവിച്ച് ആരോപിച്ചു. പോലീസ് എത്താൻ ഏകദേശം 20 മിനിറ്റ് എടുത്തു. അസാധാരണമാണിത്. എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കുന്നതിനും സംശയിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനും പകരം അവർ ഇരകളെ ശാസിക്കുകയാണ് ചെയ്തത്. പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യേറ്റം ഇതിനിടെ തുടര്‍ന്നു. ബലപ്രയോഗം, ഭീഷണി, വിദ്വേഷം വളർത്തൽ, അപമാനിക്കൽ, സ്വത്ത് നശിപ്പിക്കൽ, മോഷണം, നിയമപരമായ സമ്മേളനം തടസ്സപ്പെടുത്തൽ, എന്നി കുറ്റകൃത്യങ്ങള്‍ക്കു അടിസ്ഥാനപരമായ തെളിവുകളുണ്ടെങ്കിലും സംഭവത്തിൻ്റെ വീഡിയോ റെക്കോർഡിംഗുകൾ ഉണ്ടായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലായെന്ന് അദ്ദേഹം പറയുന്നു. ‘നീ കൊല്ലരുത്’ എന്ന ദൈവിക കൽപ്പനയെ കുറിച്ച് ഓർമിപ്പിക്കുന്ന ക്രൈസ്തവരുടെ മനസ്സാക്ഷിയെ നിശബ്ദമാക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Related Articles »