India
മാർ ഈവാനിയോസിന്റെ ധന്യ പദവി; കൃതജ്ഞതാബലിയും അനുസ്‌മരണ പ്രാർത്ഥനയും നടന്നു
പ്രവാചകശബ്ദം 16-03-2024 - Saturday
തിരുവനന്തപുരം: ധന്യനായി പ്രഖ്യാപിക്കപ്പെട്ട ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പുണ്യജീവിതം സഭയിലും സമൂഹത്തിലും പ്രചോദനവും പ്രേരക ശക്തിയുമായിരുന്നുവെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ. പട്ടം സെന്റ് മേരീസ് മേജർ എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന കൃതജ്ഞതാബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു ബാവ. കഴിഞ്ഞ ദിവസം റോമിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ മാർ ഈവാനിയോസിനെ ധന്യനായി പ്രഖ്യാപിച്ചിരുന്നു.
കുർബാനയ്ക്കു ശേഷം കബറിടത്തിൽ പ്രത്യേക അനുസ്‌മരണ പ്രാർത്ഥനകളും നടന്നു. ഈ വർഷം ജൂലൈ 15ന് ധന്യൻ മാർ ഈവാനിയോസിൻ്റെ ഓർമ പെരുന്നാൾ സഭ ആകമാനം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കർദ്ദിനാൾ മാർ ക്ലീമിസ് ബാവ അറിയിച്ചു. ഇതോടനുബന്ധിച്ച് മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പട്ടം സെൻ്റ് മേരീസ് മേജർ എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ ഇന്നലെ നടന്ന കൃതജ്ഞതാബലിയിൽ നൂറുകണക്കിനു വൈദീകരും സന്യസ്ഥരും വിശ്വാസിക ളും സംബന്ധിച്ചു. വിശുദ്ധ കുർബാനയിലും അനുസ്‌മരണ ശുശ്രൂഷയിലും കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരുന്നു.
തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്, മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡൽഹി ഗുഡ്‌ഗാവ് ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ്, പാറശാല ബിഷപ്പ് ഡോ. തോമസ് മാർ യൗ സേബിയോസ്, മൂവാറ്റുപുഴ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, കൂരിയാ മെത്രാൻ ഡോ. ആൻ്റണി മാർ സിൽവാനോസ്, തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ് എന്നിവർ സഹകാർമികർ ആയിരുന്നു.