News

ഭക്ഷണവും വെള്ളവുമില്ല, എങ്കിലും വിശ്വാസത്തിൽ ഉറച്ച്; ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തില്‍ അഭയം തേടിയിരിക്കുന്നത് 512 ക്രൈസ്തവര്‍

പ്രവാചകശബ്ദം 20-03-2024 - Wednesday

ഗാസ: പരിമിതമായ സാഹചര്യത്തില്‍ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം പ്രാപിച്ചിരിക്കുന്നത് 512 ക്രൈസ്തവര്‍. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പാരിഷ് കോമ്പൗണ്ടിൽ നിലവിൽ 128 കുടുംബങ്ങളാണ് അഭയം തേടിയിരിക്കുന്നത്. 120 കുട്ടികളും 60 വികലാംഗരും 65 വയസ്സിനു മുകളിലുള്ള 84 പേരും ഉൾപ്പെടെയുള്ളവരാണ് ദേവാലയത്തില്‍ ഉള്ളതെന്നും സംഘടന വെളിപ്പെടുത്തി. ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും അഭാവവും പകര്‍ച്ചവ്യാധികളും ഇവിടെ കഴിയുന്നവരെ അലട്ടുന്നുണ്ടെങ്കിലും ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ച് ഇവര്‍ മുന്നോട്ട് പോകുകയാണെന്ന് ഇവിടെ സേവനം ചെയ്യുന്ന കത്തോലിക്ക സന്യാസിനി സിസ്റ്റര്‍ നബില പറഞ്ഞു.

ഗാസയിലെ ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം കാലഘട്ടമാണിത്. ഫോൺ ലൈനുകൾ ഇല്ല, ഓൺലൈൻ കണക്ഷനുകൾ തുടർച്ചയായി തടസ്സപ്പെട്ടു. എന്താണ് പറയുന്നതെന്ന് മറ്റൊരാള്‍ക്ക് മനസ്സിലാക്കാൻ കഴിയില്ല: എന്നാല്‍ ഞങ്ങള്‍ ജീവിച്ചിരിക്കുന്നു, പക്ഷേ ഞങ്ങൾക്ക് വേണ്ടത്ര ഇല്ല, ഞങ്ങള്‍ക്കുള്ളത് ദൈവകൃപയാണ്. ഞങ്ങളുടെ ആളുകൾ നിരന്തരം കഷ്ടപ്പെടുന്നു. ഇരുപക്ഷവും സന്ധിയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സൈനിക നടപടികളുടെ തീവ്രത വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി, ഹോളി ഫാമിലി ഇടവക സ്ഥിതി ചെയ്യുന്ന അൽ സെയ്‌റ്റൺ മേഖലയില്‍ രൂക്ഷമായ സൈനിക ഏറ്റുമുട്ടലും ഷെല്ലാക്രമണവുമാണ് നടക്കുന്നതെന്നും സിസ്റ്റര്‍ നബില വെളിപ്പെടുത്തി.

ഭക്ഷണസാധനങ്ങൾ വളരെ പരിമിതമാണെന്ന് എ‌സി‌എന്നിന്‍റെ പ്രാദേശിക നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഭക്ഷണം കുറവാണ്, എവിടെയും കണ്ടെത്താൻ പ്രയാസമാണ്. ശുദ്ധമായ വെള്ളവും ഭക്ഷണവും ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നുണ്ട്. എ‌സിഎന്നിൻ്റെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ, ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് പരിമിതമായ രീതിയില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. അല്ലാത്തപക്ഷം, മറ്റെവിടെയെങ്കിലും ഭക്ഷണം കണ്ടെത്താൻ ശ്രമിച്ചു സാഹചര്യങ്ങളെ അതിജീവിക്കണം. ഒരു ചെറിയ ബോക്സ് ഭക്ഷണം ലഭിക്കാൻ ആളുകൾ മണിക്കൂറുകളോളം നടക്കുന്നു, അത് അവസാനം മൂന്ന് പേർക്ക് പോലും തികയാത്ത സാഹചര്യമാണെന്നും അവര്‍ വിശദീകരിച്ചു.

ശുദ്ധജലം നിലവിലെ ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ്. ടോയ്‌ലറ്റുകൾക്കും സാനിറ്ററി യൂണിറ്റുകൾക്കും വൃത്തിയില്ലാത്ത വെള്ളമാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത രീതികൾ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്നു. കുട്ടികൾക്കു ഓക്കാനം, വയറിളക്കം എന്നിവ തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ട്. പ്രായമായവരിൽ നാല് പേർ ഗുരുതരമായ രോഗങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ വിശ്വാസം ഉറച്ചതാണ്. വിശുദ്ധ കുർബാന, മതബോധന സെഷനുകൾ, ജപമാല, ബൈബിള്‍ പാരായണം എന്നിവയ്‌ക്ക് പുറമെ, കുട്ടികൾക്കായി പരിശീലന പരിപാടികളും പ്രാർത്ഥനകളും ഇപ്പോഴും സംഘടിപ്പിക്കുന്നുണ്ടെന്ന് എ‌സി‌എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഗാസയിലെ 23 ലക്ഷം ജനങ്ങളിൽ 70 ശതമാനവും അതിഗുരുതരമായ പട്ടിണിനേരിടുന്നതായി യു.എൻ. ഭക്ഷ്യപദ്ധതിയുടെ (ഡബ്ല്യു.എഫ്.പി.) കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിന്നു.


Related Articles »