News - 2024

നോട്രഡാം കത്തീഡ്രലിലെ അഗ്‌നിബാധയ്ക്കു ഇന്നേക്ക് അഞ്ചു വര്‍ഷം

പ്രവാചകശബ്ദം 15-04-2024 - Monday

പാരീസ്: 850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ പുരാതന ദേവാലയം നോട്രഡാം കത്തീഡ്രലില്‍ അഗ്‌നിബാധയുണ്ടായിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്.

യേശുവിനെ ധരിപ്പിച്ച മുള്‍മുടി കാലകാലങ്ങളായി ഈ ദേവാലയത്തിലാണ് സൂക്ഷിച്ചിരിന്നത്. കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് തിരുശേഷിപ്പ് പാരീസിലെ സെന്റ് ജെര്‍മ്മെയ്ന്‍ ദേവാലയത്തിലേക്ക് മാറ്റിയിരിന്നു. നേരത്തെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സി‌ന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രഡാം കത്തീഡ്രല്‍ ദേവാലയം.

പുനർനിർമ്മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കാൻ ദിവസേന അഞ്ഞൂറോളം തൊഴിലാളികൾ ഇന്നു ദേവാലയത്തില്‍ പ്രവർത്തിക്കുന്നുണ്ട്. പുറംഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ ഇനിയും വർഷങ്ങളോളം തുടരുമെങ്കിലും, 2024 ഡിസംബർ 8-ന് ദേവാലയം ലോക ജനതയ്ക്കു തുറന്നുനല്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ഗവണ്‍മെന്‍റ്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കു ശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിന്നു.


Related Articles »