News - 2024

ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനു നേരെ നടന്ന ആക്രമണം: പ്രതിയ്ക്കെതിരെ പോലീസ് തീവ്രവാദക്കുറ്റം ചുമത്തി

പ്രവാചകശബ്ദം 21-04-2024 - Sunday

സിഡ്‌നി: സിഡ്‌നിയിലെ പള്ളിയിൽ ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനു നേരെ കത്തിയാക്രമണം നടത്തിയ കൗമാരക്കാരനെതിരേ പോലീസ് തീവ്രവാദക്കുറ്റം ചുമത്തി. മതതീവ്രവാദ പ്രേരണയാലാ ണ് പതിനാറുകാരൻ ആക്രമണം നടത്തിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി ആക്രോശിച്ചാണ് ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനെയും വൈദികൻ ഫാ. ഐസക് റോയലിനെയും കൗമാരക്കാരൻ കുത്തിയതെന്ന് സിഡ്‌നി ഫെഡറൽ പോലീസ് കമ്മീഷണർ റീസ് കെർഷോ വ്യക്തമാക്കിയിട്ടുണ്ട്. അറബിയിലായിരുന്നു ആക്രോശം.

ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് കുട്ടിക്കുറ്റവാളിക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്നത്.ആക്രമണം നടത്താൻ അക്രമി തൻ്റെ വീട്ടിൽനിന്നു സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്‌ലി പ്രദേശത്തു സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിലേക്ക് 90 മിനിറ്റ് യാത്ര നടത്തിയെന്നും പോലീസ് പറയുന്നു.അക്രമിയെ വിശ്വാസികൾ ചേർന്നാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. സിഡ്‌നിയിലെ കുട്ടികളുടെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ അക്രമി ആശുപത്രിക്കിടക്കയിൽനിന്നു വീഡിയോ കോൺഫറൻസ് വഴി വെള്ളിയാഴ്‌ച കോടതിയിൽ ഹാജരായി.

തിങ്കളാഴ്‌ച വൈകുന്നേരം ഏഴിനു സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. ബിഷപ്പ് വചനപ്രഘോഷണം നടത്തികൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ തന്നെ ആക്രമിച്ച യുവാവിനോട് നിരുപാധികം ക്ഷമിക്കുകയാണെന്ന് ബിഷപ്പ് മാര്‍ മാരി പറഞ്ഞു. അക്രമം നടത്താന്‍ അയച്ചവരോടും യേശുവിന്റെ നാമത്തില്‍ ക്ഷമിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.


Related Articles »