News - 2025

കാർളോ അക്യുട്ടിസ് ഉള്‍പ്പെടെയുള്ളവരുടെ വിശുദ്ധപദ പ്രഖ്യാപന തീയതി ജൂലൈ 1ന് തീരുമാനിച്ചേക്കും

പ്രവാചകശബ്ദം 05-06-2024 - Wednesday

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ അത്ഭുതങ്ങളെ ആയിരങ്ങളിലേക്ക് എത്തിച്ച് വിടവാങ്ങിയ കാർളോ അക്യുട്ടിസ് ഉള്‍പ്പെടെയുള്ളവരുടെ നാമകരണം സംബന്ധിച്ചു വിശുദ്ധ പദ പ്രഖ്യാപന തീയതി ജൂലൈ 1ന് പ്രഖ്യാപിച്ചേക്കും. ജൂലൈ 1-ന് കര്‍ദ്ദിനാളുമാരുടെ കൂട്ടായ്മ കണ്‍സിസ്റ്ററി ചേരുമ്പോള്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിലാണ് സമ്മേളനം. വത്തിക്കാൻ കൺസിസ്റ്ററി ഹാളിൽ രാവിലെ 9 മണിക്ക് സമ്മേളനം ആരംഭിക്കും. ഇക്കഴിഞ്ഞ മെയ് 23ന് കാര്‍ളോയുടെ മധ്യസ്ഥതയാല്‍ നടന്ന അത്ഭുതത്തിന് ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കിയതോടെയാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാനുള്ള സാധ്യതയ്ക്കു വഴിത്തിരിഞ്ഞത്.

1990-ൽ ജോൺ പോൾ രണ്ടാമൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയ കൺസോളറ്റ മിഷ്ണറിമാരുടെ സ്ഥാപകനായ ഗ്യൂസെപ്പെ അല്ലമാനോ, സിറിയയില്‍ ഇസ്ലാം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന് ക്രൈസ്തവ വിശ്വാസത്തെപ്രതി മരണം വരിച്ച പതിനൊന്ന് രക്തസാക്ഷികൾ, ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലിയുടെ സ്ഥാപകയും കനേഡിയന്‍ സ്വദേശിനിയുമായ മേരി-ലിയോണി പാരഡിസ്, പരിശുദ്ധാത്മാവിൻ്റെ അപ്പോസ്തല എന്നറിയപ്പെടുന്ന എലേന ഗുവേര എന്നിവരുടെ നാമകരണ തീയതിയും ഈ കണ്‍സിസ്റ്ററിയില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ ഏറെ ശ്രദ്ധ നേടുന്നത് ഈ സഹസ്രാബ്ദത്തില്‍ ജീവിച്ച് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന കാര്‍ളോയാണ്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലായി നടന്നു. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »