India - 2024

പ്രോലൈഫ് പ്രവർത്തകരുടെ സേവനം മാതൃകാപരം: മാർ ആൻഡ്രൂസ് താഴത്ത്

പ്രവാചകശബ്ദം 08-07-2024 - Monday

തൃശൂർ: മനുഷ്യജീവന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രോലൈഫ് പ്രവർത്തകരുടെ സേവനം മാതൃകാപരമെന്ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരേ കർമപദ്ധതികൾ ആവിഷ്കരിക്കാനും മനുഷ്യമനസാക്ഷിയെ ഉണർത്താനും പ്രോലൈഫ് സമിതി പ്രവർത്തനങ്ങൾക്കു കഴിയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫ് ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു തൃശൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മാർ തറയില്‍.

അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്ന കുഞ്ഞ് ദൈവത്തിൻ്റെ ദാനമാണെന്നും ആ കുഞ്ഞിനെ നശിപ്പിക്കുന്നതു കൊലപാതകമാണെന്ന ചിന്ത സമൂഹത്തിനുണ്ടാകണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. റവ. ഡോ. ക്ലീറ്റസ് കതിർപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. രണ്ടിനു കാഞ്ഞങ്ങാടുനിന്ന് ആരംഭിച്ച, ജയിംസ് ആഴ്‌ചങ്ങാടൻ ജനറൽ ക്യാപ്റ്റനും, സാബു ജോസ് കോ-ഓർഡിനേറ്ററുമായ ജീവസംരക്ഷണ സന്ദേശയാത്ര 18നു തിരുവനന്തപുരത്ത് സമാപിക്കും.

പ്രോലൈഫ് സമിതി ഡയറക്ടർ റവ. ഡോ. ക്ലീറ്റസ് കതിർപറമ്പിൽ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, വൈസ് കാപ്റ്റന്മാരായ മാർട്ടിൻ ന്യൂനസ്, ആന്റണി പത്രോസ്, ജോയിന്റ് കോ-ഓർഡിനേറ്റർമാരായ ജോർജ് എഫ്. സേവ്യർ, ജോയ്‌സ് മുക്കുടം എന്നിവർ മാർച്ചിൽ പങ്കെടുക്കുന്നു. ഓഗസ്റ്റ് 10നു ത്യശൂരിൽ നടക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിനു മുന്നോടിയാണ് കേരള മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കുന്നത്. ഇന്ന് ഇരിങ്ങാലക്കുട, കോട്ടപ്പുറം രൂപതകളിലൂടെ യാത്ര കടന്നുപോകും.

More Archives >>

Page 1 of 592