India - 2024

ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം ശനിയാഴ്ച

പ്രവാചകശബ്ദം 11-07-2024 - Thursday

കണ്ണൂർ: ഭരണങ്ങാനം അസീസി, ഇരിട്ടി പട്ടാരം വിമലഗിരി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കരിസ്‌മാറ്റിക് നവീകരണ രംഗത്തെ പ്രധാനിയുമായിരുന്ന കപ്പൂച്ചിൻ സന്യാസ സമൂഹാംഗം ഫാ. ആർമണ്ട് മാധവത്തിൻ്റെ ദൈവദാസപദവി പ്രഖ്യാപനം 13ന് നടക്കും. വിമലഗിരി ധ്യാനകേന്ദ്രം അങ്കണത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കുമെന്ന് പ്രോവിൻഷ്യൽ മിനിസ്റ്റർ ഫാ. തോമസ് കരിങ്ങടയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇതോടനുബന്ധിച്ചു നടക്കുന്ന വിശുദ്ധ കുർബാനയിൽ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫാ. ആർമണ്ടിനെക്കുറിച്ച് ഫാ. ബിജു ഇളമ്പച്ചൻവീട്ടിൽ എഴുതിയ രണ്ടു പുസ്‌തകങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്യും.

എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ രൂപതകളിലെ വൈദികപ്രതിനിധി കൾ, കപ്പുച്ചിൻ സഭയുടെ വിവിധ പ്രവിശ്യകളിലെ പ്രോവിൻഷ്യൽ മിനിസ്റ്റേഴ്സ‌സ്, വിവിധ സന്യാസസഭകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മനോജ് ജോർജിൻ്റെ വയലിൻ ഫ്യൂഷനും അരങ്ങേറും. വൈസ് പോസ്റ്റുലേറ്റർ ഫാ. ജിതിൻ ആനിക്കൂടിയിൽ, വിമലഗിരി ധ്യാനകേന്ദ്രം ഡയറക്‌ടർ ഫാ. ജോസ് തച്ചുകുന്നേൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

+ ആരായിരിന്നു ഫാ. ആർമണ്ട് മാധവത്ത് ? ജീവചരിത്രം വായിക്കാന്‍ ‍


Related Articles »