India - 2025
അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേർ; സീറോ മലബാർ സഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം
പ്രവാചകശബ്ദം 27-08-2024 - Tuesday
പാലാ: സംഘശക്തിയും ഐക്യവും വിളിച്ചറിയിച്ചും സഭാതനയർക്ക് ആവേശം സമ്മാനിച്ചും സീറോമലബാർസഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേർ പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചർച്ചയിലും ദൈവാരാധനയിലും സമ്പന്നമായിരുന്നു. സീറോമലബാർ സഭയുടെ കരുത്തും മഹത്വവും അംഗങ്ങൾ തിരിച്ചറിയണമെന്നും കൂടുതൽ മേഖലയിലേക്ക് പ്രേഷിതപ്രവർത്തനം വ്യാപിപ്പിക്കണമെന്നും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത സീറോമലങ്കരസഭ മേജർ ആർച്ചുബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് പറഞ്ഞു. സീറോമലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു.
സഹോദരസഭകളേയും ചേർത്തുപിടിച്ച് ഒന്നിച്ച് മുന്നേറുന്ന ശൈലിയാണ് സീറോമലബാർ സഭയുടേതെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കത്തോലിക്കാ സഭയുടെ വിശ്വാസപാരമ്പര്യത്തിലും പൗരാണികതയിലും ഏറെ അഭിമാനിക്കുന്നതായി ആശംസകളർപ്പിച്ച മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ, സഭാ വക്താവ് ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. സഭാ വക്താവ് അഡ്വ. അജി ജോസഫ് കോയിക്കൽ അസംബ്ലിയുടെ സമാപന പ്രസ്താവന സമ്മേളനത്തിൽ വായിച്ചു.
അസംബ്ലി കമ്മറ്റി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്ങൽ, പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ.ജോസഫ് തടത്തിൽ, എംപിമാരായ ജോസ് കെ. മാണി, കെ. ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ജോൺ ബ്രിട്ടാസ്, എംഎൽഎമാരായ പി.ജെ ജോസഫ്, മാണി സി. കാപ്പൻ, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, റോജി എം. ജോൺ, ആന്റണി ജോൺ, സജീവ് ജോസഫ്, സനീഷ്‌കുമാർ ജോസഫ്, സേവ്യർ ചിറ്റിലപ്പള്ളി, മുൻ എംഎൽഎ പി.സി ജോർജ്, എകെസിസി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ആരാധനാസമർപ്പിത സമൂഹത്തിന്റെ സൂപ്പീരിയർ ജനറൽ സിസ്റ്റർ റോസിലി എസ്എബിഎസ്, പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, എസ്എംആർസി പ്രസിഡന്റ് റവ.ഡോ. സാജു ചക്കാലയ്ക്കൽ സിഎംഐ, യുവജനപ്രതിനിധി ഷെറിൽ ജോസ് സാവിയോ എന്നിവർ പങ്കെടുത്തു.
സമാപനസമ്മേളത്തെ തുടർന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ചുബിഷപ് മാർ മാത്യു മൂലക്കാട്ട്, സിനഡ് സെക്രട്ടറിയും തലശ്ശേരി ആർച്ചുബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി, വിൻസെൻഷ്യൻ സമർപ്പിതസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിങ്കര വി.സി, ചിക്കാഗോ രൂപത വികാരി ജനറാൾ ഫാ. ജോൺ മേലേപ്പുറം എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. മേജർ ആർച്ചുബിഷപ് വചനസന്ദേശം നൽകി. പാലാ സമ്മാനിച്ച ഹൃദ്യമായ ആതിഥേയത്വത്തിനും അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനും സഹപ്രവർത്തകർക്കും സമ്മേളനം കൃതജ്ഞത രേഖപ്പെടുത്തി.