India - 2025
വേളാങ്കണ്ണി തിരുനാളിന് ഇന്നു കൊടിയേറും
പ്രവാചകശബ്ദം 29-08-2024 - Thursday
നാഗപട്ടണം: വേളാങ്കണ്ണി ആരോഗ്യമാതാ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാ ളിന് ഇന്നു കൊടിയേറും. സെപ്റ്റംബർ എട്ടിനാണ് പ്രധാന തിരുനാൾ. ഇന്നു വൈകുന്നേരം 5.45ന് തഞ്ചാവൂർ ബിഷപ്പ് ഡോ. സഹായരാജ് കൊടിയേറ്റം നിർവഹിക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ തമിഴ്, കന്നട, മലയാളം, തെലുങ്ക്, ഒഡിഷ, മറാത്തി, ഇംഗ്ലീഷ് ഭാഷകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പ്രധാന തിരുനാൾദിനമായ എട്ടിനു രാവിലെ ആറിനു തഞ്ചാവൂർ ബിഷപ്പ് ഡോ. സഹായരാജിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾകുർബാന. തുടർന്നു കൊടിയിറക്കം. തിരുനാൾ കുർബാനയും മറ്റു തിരുക്കർമങ്ങളും ജയ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്യും.
അടുത്തിടെ വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിനു ആശംസയുമായി വത്തിക്കാന്‍ വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് വിക്ടർ മാനുവൽ ഫെർണാണ്ടസ് കത്തയച്ചിരിന്നു. വിശ്വാസത്താൽ ഇവിടെ യാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരും ഈ ദേവാലയത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന നിരവധി ആത്മീയ ഫലങ്ങളും വേളാങ്കണിയെ പരിശുദ്ധാത്മാവിൻ്റെ നിരന്തരമായ പ്രവർത്തനത്തെ തിരിച്ചറിയാൻ നമ്മെ പ്രേരിപ്പിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് വിക്ടർ മാനുവൽ ഫെർണാണ്ടസ്, വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന തഞ്ചാവൂർ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് സഗയരാജ് തമ്പുരാജിന് അയച്ച കത്തില്‍ പറഞ്ഞിരിന്നു.