News

പതിനായിരങ്ങള്‍ സാക്ഷി; വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി

പ്രവാചകശബ്ദം 30-08-2023 - Wednesday

നാഗപട്ടണം: ആഗോള പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി. ഇന്നലെ പതിനായിരകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ വൈകിട്ട് ആറരയോടെയാണ് കൊടിയേറ്റ് നടന്നത്. തഞ്ചാവൂർ അതിരൂപത ബിഷപ്പ് ദേവദാസ് ആംബ്രോസ്, ബിഷപ്പ് എൽ സഹായരാജ് എന്നിവർ ചേര്‍ന്ന് തിരുനാള്‍ കൊടി വെഞ്ചിരിച്ചു. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ശേഷം തിരുനാള്‍ കൊടി ഉയര്‍ത്തി. കൊടി മുകളിലെത്തിയപ്പോൾ ഒരേസമയം വിവിധ നിറങ്ങളുള്ള ബലൂണുകൾ ആകാശത്തിലേക്ക് ഉയര്‍ന്നു.

അതേസമയം തിരുനാളിന് തുടക്കമായതോടെ കാല്‍നട യാത്രക്ക് പുറമെ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ബസുകളിലും കാറുകളിലും ഭക്തർ വേളാങ്കണ്ണിയിലേക്ക് എത്തിത്തുടങ്ങി. 11 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളില്‍ പങ്കുചേരാന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ എത്തിച്ചേരും. തിരുനാളിന് സുരക്ഷ ഒരുക്കുന്നതിനായി ടി ജയചന്ദ്രൻ ഐപിഎസിന്റെ നേതൃത്വത്തിൽ 3500ൽ പരം പോലീസ് (Police) ഉദ്യോഗസ്ഥരാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷയ്ക്കായി 60 സിസിടിവി കാമറകളും പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.

മുൻകരുതലെന്നോണം 10 ദിവസവും കടലിലെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണെന്ന് ജില്ല ഭരണകുടം അറിയിച്ചു. തിരുനാളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തിയാണ് നടപടി. മാത്രമല്ല, പള്ളിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി സുരക്ഷ സ്കാനിങിന് വിധേയമാകേണ്ടതുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ പങ്കെടുക്കുന്നതിനെ തുടർന്ന് കൊങ്കണി, മലയാളം, തെലുഗു, ഹിന്ദി, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നുണ്ട്.

തിരക്ക് പരിഗണിച്ച് ഗതാഗതത്തിനായി സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 500 ബസുകളാണ് പ്രത്യേക സർവീസിനായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഒരുക്കിയിരിക്കുന്നത്. തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിനു രാവിലെ ആറിന് ആഘോഷമായ തിരുനാൾ കുർബാന രൂപത അഡ്മിനിസ്ട്രേറ്റർ റവ. ഡോ. എൽ. സഹായരാജിന്റെ കാർമികത്വത്തിൽ നടക്കും. വൈകുന്നേരം ആറിന് തിരുനാൾ കൊടിയിറക്കം നടക്കുമെന്ന് ഇടവക വികാരിയും വൈസ് റെക്ടറുമായ ഫാ. എസ്. അർപുതരാജ് പറഞ്ഞു. തിരുനാളിനോട് അനുബന്ധിച്ച് ഓരോ വര്‍ഷവും പത്ത് ലക്ഷത്തോളം തീർത്ഥാടകർ ഈ തീരദേശ ദേവാലയത്തിലേക്ക് എത്താറുണ്ടെന്നാണ് കണക്ക്.


Related Articles »