India - 2025
കെസിബിസി സ്പെഷ്യൽ സ്‌കൂൾ പ്രത്യേക സമ്മേളനം തൃശൂരിൽ
പ്രവാചകശബ്ദം 28-09-2024 - Saturday
തൃശൂർ: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) നേതൃത്വത്തിൽ കത്തോലിക്ക സ്പെഷ്യൽ സ്‌കൂൾ മാനേജർമാരുടെയും പ്രിൻസിപ്പൽമാരുടെയും പ്രത്യേക സമ്മേളനം ഇന്നു തൃശൂരിൽ നടക്കും. സെന്റ് തോമസ് കോളജിൽ രാവിലെ പത്തിന് സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരിക്കും. കെസിബിസി ജസ്റ്റീസ്, പീസ് ആൻഡ് ഡെവലപ്മെൻ്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും.
കത്തോലിക്ക സഭയിലുള്ള വിവിധ രൂപതകളുടെയും സന്യാസി, സന്യാസിനീസമൂഹങ്ങളുടെയും നേതൃത്വത്തിൽ പ്രത്യേക ശ്രദ്ധയും പരിപാലനവും പരിചരണവും പരിശീലനവും ആവശ്യമുള്ള ഭിന്നശേഷിക്കാരും മാനസിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുമായവർക്കുവേണ്ടി 136 ഉം ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുവേണ്ടി 33 ഉം സ്പെഷൽ സ്കൂളുകളും ട്രെയിനിംഗ് സെന്ററുകളായി 18 സ്ഥാപനങ്ങളും കെസിബിസിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ഈ മേഖലയിലെ വിദഗ്‌ധർ സമ്മേളനത്തിൽ വ്യത്യസ്‌തങ്ങളായ വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധങ്ങൾ അവതരിപ്പിക്കും. വ്യത്യസ്ത സ്പെഷൽ സ്‌കൂളുകൾ അവലംബിക്കുന്ന പഠന, പരിശീലനരീതിക ൾ, നവീനസാങ്കേതികവിദ്യകൾ, സാധ്യതകൾ എന്നിവയെല്ലാം സമ്മേളനത്തിൽ ഓരോ സ്പെഷൽ സ്‌കൂൾ പ്രതിനിധികളും പങ്കുവയ്ക്കുമെന്നു സംഘാടക സമിതി കൺവീനറും കെസിബിസി കെയർ ഹോംസ് ആൻഡ് സ്പെഷൽ സ്കൂൾസ് ഡയറക്ടറുമായ ഫാ. ലിജോ ചിറ്റിലപ്പിള്ളി, അസോസിയേഷൻ ഓഫ് ഇൻലക്ച്വ ലി ഡിസേബിൾഡ് ചെയർമാൻ ഫാ. റോയ് മാത്യു വടക്കേൽ എന്നിവർ അറിയിച്ചു.