News - 2024

രാഷ്ട്രീയ സ്വാര്‍ത്ഥ ലാഭം സഭയുടെ അടുത്ത് വേണ്ട; കെനിയന്‍ പ്രസിഡന്റിന്റെ സംഭാവന നിരസിച്ച് ആര്‍ച്ച് ബിഷപ്പ്

പ്രവാചകശബ്ദം 21-11-2024 - Thursday

നെയ്‌റോബി: കെനിയയുടെ പ്രസിഡൻ്റ് വില്യം സമോയി റൂട്ടോ സഭയ്ക്കു വാഗ്ദാനം ചെയ്ത 5 മില്യൺ കെനിയൻ ഷില്ലിംഗ് ($38,500) നിരസിച്ച് നെയ്‌റോബി ആര്‍ച്ച് ബിഷപ്പ്. രാഷ്ട്രീയ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളിൽ സഭ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ആർച്ച് ബിഷപ്പ് ഫിലിപ്പ് സുബിറ പറഞ്ഞു. സോവെറ്റോയിലെ ഇടവകയിൽ പുതിയ റെക്ടറി പണിയുവാന്‍ 5 മില്യൺ കെനിയൻ ഷില്ലിംഗൂം ($38,500), ഇടവക ഗായകസംഘത്തിനും പൊന്തിഫിക്കൽ മിഷനറി ചൈൽഡ്ഹുഡിനും 600,000 കെനിയൻ ഷില്ലിംഗും ($ 4,600) രാജ്യത്തിന്റെ പ്രസിഡൻ്റ് വില്യം സമോയി റൂട്ടോ പ്രസിഡന്‍റ് കഴിഞ്ഞ ദിവസം സംഭാവന പ്രഖ്യാപിച്ചിരിന്നു. ഇവയാണ് ബിഷപ്പ് നിരസിച്ചത്.

സോവെറ്റോയിലെ കത്തോലിക്ക സഭയിലേക്കുള്ള “രാഷ്ട്രീയ സംഭാവനകൾ” കെനിയയുടെ പൊതു ധനസമാഹരണ അപ്പീൽ ബിൽ 2024 ൻ്റെ ലംഘനമാണെന്ന് ആർച്ച് ബിഷപ്പ് വിശദീകരിച്ചു. രാഷ്ട്രീയക്കാർ പള്ളികൾക്ക് പണം സംഭാവന ചെയ്യുന്ന കാര്യത്തിലും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിന്ന് സഭയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും ഉയർത്തിക്കാട്ടുന്ന ഉറച്ച നിലപാട് കെനിയയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് (കെസിസിബി) അംഗങ്ങൾ സ്ഥിരമായി പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ധനസമാഹരണവും ഒത്തുചേരലുകളും പോലുള്ള സഭാ പരിപാടികൾ രാഷ്ട്രീയ സ്വയം പ്രമോഷനുള്ള വേദികളായി ഉപയോഗിക്കുന്നതിനെ കത്തോലിക്കാ സഭ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. അത്തരം പ്രവൃത്തികൾ ആരാധനാലയങ്ങളുടെ പവിത്രതയെ ദുർബലപ്പെടുത്തുന്നതിനാൽ, പ്രസംഗപീഠത്തെ രാഷ്ട്രീയ വാചക കസര്‍ത്തുക്കളുടെ വേദിയാക്കി മാറ്റുന്നതിൽ നിന്ന് രാഷ്ട്രീയക്കാർ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. കെസിസിബി ഉന്നയിക്കുന്ന രാജ്യത്തെ പ്രധാന പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് ധാർമ്മികമായ ഇടപെടല്‍ നടത്തുകയാണ് വേണ്ടതെന്നും നെയ്‌റോബി ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

More Archives >>

Page 1 of 1023