News

നൈജീരിയയിൽ നാല്പത് വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു

പ്രവാചകശബ്ദം 22-11-2024 - Friday

എനുഗു: നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ മേജർ സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്നതിനിടെ നാൽപ്പത് വൈദികവിദ്യാർത്ഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു. 780 വൈദിക വിദ്യാര്‍ത്ഥികളാണ് ഇതേ സെമിനാരിയിൽ പഠനം നടത്തിവരുന്നത്. എനുഗു നഗരത്തിലെ ബിഗാർഡ് മെമ്മോറിയൽ മേജർ സെമിനാരിയുടെ ശതാബ്‌ദി ആഘോഷങ്ങൾക്കിടെയാണ് നാല്പതു സെമിനാരി വിദ്യാർത്ഥികൾ ഡീക്കൻ പട്ടം സ്വീകരിച്ച് പൗരോഹിത്യത്തിന് അടുത്തേക്ക് എത്തിയിരിക്കുന്നത്.

ഇതേ സെമിനാരിയിൽ പൂർവ്വവിദ്യാർത്ഥിയായിരുന്ന, വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഫോർത്തുനാത്തൂസ് നവാച്ചുക്വു തിരുകർമ്മങ്ങൾക്ക് നേതൃത്വം നല്‍കി. സെമിനാരിയുടെ മികവാര്‍ന്ന പ്രവർത്തനങ്ങളുടെ ഫലമാണ് ഡീക്കൻ പട്ടം സ്വീകരിച്ച നാല്പതുപേരുടെ ജീവിതമെന്നു സന്ദേശത്തിൽ ആര്‍ച്ച് ബിഷപ്പ് എടുത്തു പറഞ്ഞു. വിളിക്കപ്പെടുന്ന വിളിക്ക് യോഗ്യമായ ഒരു ജീവിതം നയിക്കാനും, വിനയത്തോടും സൗമ്യതയോടും ക്ഷമയോടും എല്ലാക്കാര്യങ്ങളെയും സമീപിക്കുന്നതിനും ആര്‍ച്ച് ബിഷപ്പ് നവഡീക്കന്മാരോട് ആഹ്വാനം ചെയ്തു.

പ്രാദേശിക സഭയിൽ പൗരോഹിത്യ പരിശീലനത്തിന് പിന്തുണ നൽകുന്നതിനായി സ്ഥാപിതമായ വിശുദ്ധ പത്രോസിന്റെ പൊന്തിഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളായ ജീൻ ബിഗാർഡിന്റെ സ്മരണാർത്ഥമാണ്, സെമിനാരിക്ക് ബിഗാർഡ് മെമ്മോറിയൽ സെമിനാരി എന്ന പേര് നൽകിയിരിക്കുന്നത്. 100 വർഷത്തെ ചരിത്രത്തിനിടയിൽ 4 കർദ്ദിനാളുമാരും 14 ആർച്ച് ബിഷപ്പുമാരും 37 ബിഷപ്പുമാരും നിരവധി വൈദികരും ഇതേ സെമിനാരിയിൽ പരിശീലനം നേടിക്കൊണ്ട് , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനങ്ങൾ ചെയ്യുന്നുണ്ട്.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങളാല്‍ കുപ്രസിദ്ധമായ രാജ്യമാണ് നൈജീരിയ. സായുധ കൊള്ള സംഘങ്ങളും, ബൊക്കോ ഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദികളുടേയും, ഫുലാനികളുടേയും ആക്രമണങ്ങള്‍ നൈജീരിയന്‍ ക്രൈസ്തവരുടെ ജീവിതം അപകടത്തിലാക്കിയിരിക്കുകയാണ്. ഓരോ വര്‍ഷവും ആയിരകണക്കിന് ക്രൈസ്തവരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെടുന്നത്.

പീഡനങ്ങള്‍ക്കിടയിലും രക്തസാക്ഷികളുടെ ചുടു നിണത്താല്‍ സഭ തഴച്ചു വളരുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് നൈജീരിയയിലെ ദൈവവിളിയിലുള്ള വര്‍ദ്ധനവ്. ഒരു ക്രൈസ്തവ വിശ്വാസിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായ രാജ്യങ്ങളെ കുറിച്ചുള്ള കത്തോലിക്ക സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ന്റെ 2024-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആറാമതാണ് നൈജീരിയയുടെ സ്ഥാനം.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


More Archives >>

Page 1 of 1023