News - 2024

വിശുദ്ധ നാട്ടിലെ അക്രമത്തെ ന്യായീകരിക്കുവാന്‍ ബൈബിള്‍ ഉപയോഗിക്കുന്നതിനെ അപലപിച്ച് ആഫ്രിക്കന്‍ ബിഷപ്പുമാര്‍

പ്രവാചകശബ്ദം 27-11-2024 - Wednesday

യോണ്ടേ: ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അക്രമത്തെ ന്യായീകരിക്കാൻ ബൈബിള്‍ ഉപയോഗിക്കുന്നതിനെതിരെ വടക്കൻ ആഫ്രിക്കയിലെ കത്തോലിക്കാ ബിഷപ്പുമാർ. അക്രമത്തെ ന്യായീകരിക്കാന്‍ ഇരുവശത്തും ബൈബിള്‍ ഉപയോഗിക്കുന്നതിനെ ബിഷപ്പുമാർ അപലപിച്ചു. നിയമത്തിലും സമാധാനത്തിലും മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ജനതയുടെ മേലുള്ള കോളനിവൽക്കരണവും അധിനിവേശവും ന്യായീകരിക്കാന്‍ ഒരു സാഹചര്യത്തിലും ബൈബിൾ ഉപയോഗിക്കാനാവില്ല. ജനങ്ങളെയും അവരുടെ ഭരണകൂടത്തെയും വേർതിരിച്ചറിയേണ്ടത് ആവശ്യമാണെന്നും ആഫ്രിക്കന്‍ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.

മറ്റുള്ളവരെ ഉപദ്രവിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന അക്രമങ്ങളില്‍ നമ്മുടെ വിശുദ്ധ ഗ്രന്ഥവും മറ്റും ഉപയോഗിക്കുന്നവര്‍ പിന്‍വാങ്ങണമെന്ന് ഗവേഷക വൈദികനായ ഫാ. സ്റ്റാൻ ചു ഇലോ പറയുന്നു. ഒരു ജനത മറ്റൊരു ജനതയുടെ മേല്‍ നടത്തുന്ന കോളനിവൽക്കരണം ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ബൈബിളിൻ്റെ ദുരുപയോഗം സംബന്ധിച്ച ബിഷപ്പുമാരുടെ മുന്നറിയിപ്പ് ഉൾക്കാഴ്ചയുള്ളതും സമയോചിതവുമാണെന്ന് പാൻ-ആഫ്രിക്കൻ കാത്തലിക് തിയോളജി ആൻഡ് പാസ്റ്ററൽ നെറ്റ്‌വർക്കിലെ (പിഎസിടിപാൻ) പ്രോഗ്രാം ഡയറക്ടർ സിസ്റ്റർ ജെയ്ൻ കിമാത്തി പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിന്റെ ഈ ദുരുപയോഗം ചരിത്രപരവും ദൈവശാസ്ത്രപരവുമായ കാര്യങ്ങളില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും സിസ്റ്റർ ചൂണ്ടിക്കാട്ടി.

ചില ഇസ്രായേലി ഗ്രൂപ്പുകൾ തങ്ങളുടെ ഭൂമിയെ ദൈവീകമായ അവകാശമായി വിശേഷിപ്പിക്കുന്നു, അതേസമയം ഹമാസും മറ്റ് പലസ്തീൻ വിഭാഗങ്ങളും തങ്ങളുടെ പ്രതിരോധം നിയമവിധേയമാക്കാൻ വിശ്വാസപരമായ കാര്യങ്ങളായി പ്രയോഗിക്കുകയാണ്. ഇത് തെറ്റാണെന്ന് അവർ പറഞ്ഞു. 2023 ഒക്‌ടോബർ 7-ന് നടന്ന ആക്രമണത്തിൽ ഏകദേശം 1,200 ഇസ്രായേലികളെ തീവ്രവാദ സംഘടന കൊലപ്പെടുത്തുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തിരിന്നു. സംഘർഷം ഇപ്പോൾ ഒരു വർഷത്തിലേറെ നീണ്ടുനിൽക്കുന്നതിനിടെ 45,000-ത്തിലധികം ആളുകളുടെ ജീവനാണ് നഷ്ട്ടമായതെന്ന് യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (OCHA) പറയുന്നു. കൊല്ലപ്പെട്ടവരിൽ 43,000 ത്തിലധികം പേർ പലസ്തീൻകാരാണ്.

More Archives >>

Page 1 of 1025