India - 2024

ഫ്രാൻസിസ് പാപ്പയുടെ പുതിയ ചാക്രിക ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

പ്രവാചകശബ്ദം 02-12-2024 - Monday

തിരുവനന്തപുരം: യേശുവിന്റെ തിരുഹൃദയത്തെ കേന്ദ്രമാക്കിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനമായ 'ദിലെക്സിത്ത് നോസ്'ന്റെ മലയാള പരിഭാഷ "അവിടുന്ന് നമ്മെ സ്നേഹിച്ചു" പ്രകാശനം ചെയ്തു. ഇന്നലെ ഞായറാഴ്ച കെസിബിസിയുടെ പ്രസിഡന്റും മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഓ സി ഡി മലബാർ പ്രോവിൻസിന്റെ പ്രോവിൻഷ്യൽ റവ. ഫാ.പീറ്റർ ചക്യത്ത് ഓസിഡി, പരിഭാഷകനും കാർമൽ പബ്ലിഷ് ഹൗസിന്റെ ഡയറക്ടറുമായ ഫാ. ജെയിംസ് ആലക്കുഴിയിൽ ഓ സി ഡി, ഫാ. തോമസ് കുരിശിങ്കൽ ഓസിഡി എന്നിവർ സന്നിഹിതരായിരുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനത്തിലൂടെ ഹൃദയം നഷ്ടപ്പെടുന്ന ഈ ലോകത്തിന് ഹൃദയമാകാൻ മനുഷ്യരെ ഉദ്ബോധിപ്പിക്കുന്നു. യുദ്ധങ്ങളും സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും സാങ്കേതികവിദ്യയുടെ ഭീഷണിപ്പെടുത്തുന്ന വളർച്ചയും ഇന്നത്തെ ലോകത്തിന് ഹൃദയം നഷ്ടമാകാൻ കാരണമാകുന്നു. ക്രിസ്തുവിന്റെ ദൈവികവും മാനുഷികവുമായ സ്നേഹം വീണ്ടെടുക്കുന്നതിലൂടെ ഇത് പരിഹരിക്കാൻ സാധിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ ചാക്രിക ലേഖനത്തില്‍ ഓർമിപ്പിക്കുന്നു.

ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം 'ദിലെക്സിത്ത് നോസ്' അഥവാ "അവൻ നമ്മെ സ്നേഹിച്ചു" കഴിഞ്ഞ ഒക്ടോബർ 24-നാണ് പുറത്തിറക്കിയത്. ഫ്രാന്‍സിസ് പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനമാണ് 'ദിലെക്സിത്ത് നോസ്'. വിശ്വാസത്തിന്റെ വെളിച്ചം (2013), അങ്ങേയ്ക്ക് സ്തുതി (2015), നാം സോദരർ (2020) എന്നിവയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇതര ചാക്രിക ലേഖനങ്ങൾ.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


More Archives >>

Page 1 of 613