News - 2024

ജപമാലയുടെ അത്ഭുത ശക്തിയെ പറ്റി വിവരിച്ച് നൈജീരിയന്‍ ബിഷപ്പ് ഒലിവര്‍ ഡാഷേ

സ്വന്തം ലേഖകന്‍ 11-10-2016 - Tuesday

മെയ്ഡുഗുരി: ബോക്കോ ഹറാം എന്ന തീവ്രവാദ സംഘടനയുടെ ഭീഷണിയില്‍ നിന്നും മുക്തമാകുവാന്‍ തങ്ങളെ സഹായിച്ചത് ജപമാല ആണെന്ന് നൈജീരിയന്‍ ബിഷപ്പ്. ബോക്കോ ഹറാം തീവ്രവാദികളുടെ കേന്ദ്രമായിരുന്ന മെയ്ഡുഗുരിയുടെ ബിഷപ്പ് ഒലിവര്‍ ഡാഷേ ഡോയീമിയാണ് ജപമാലയുടെ ശക്തിയെ പറ്റി വിവരിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ കൂടുതലായുള്ള വടക്കന്‍ നൈജീരിയായിലെ പ്രദേശമാണ് മെയ്ഡുഗുരി.

2011 മുതല്‍ നിരവധി പേര്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്ന ഒരു സ്ഥലം കൂടിയാണിത്. ഈ സമയത്താണ് പ്രദേശത്ത് ബോക്കോ ഹറാം തീവ്രവാദികള്‍ പിടിമുറുക്കിയത്. പതിനൊന്നായിരത്തോളം നൈജീരിയക്കാരെ കൊലപ്പെടുത്തിയ ബോക്കോ ഹറാം കൂടുതല്‍ പേരെയും കൊന്നത് മെയ്ഡുഗുരിയിലും സമീപ പ്രദേശങ്ങളിലുമാണ്.

2014-ല്‍ ആണ് ഈ പ്രശ്‌നത്തില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് ബിഷപ്പ് ഒലിവര്‍ ഡാഷേ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചത്. ഒരു ദിവസം രാത്രി യേശു സ്വപ്‌നത്തില്‍ വരികയും ബിഷപ്പിന്റെ കൈവശം ഒരു വാള്‍ നല്‍കുകയും ചെയ്തുവെന്ന്‍ അദ്ദേഹം പറയുന്നു. ബോക്കോ ഹറാം തകര്‍ക്കപ്പെടുമെന്നു പറഞ്ഞ ശേഷം ക്രിസ്തു സ്വപ്‌നത്തില്‍ നിന്നും മറഞ്ഞു. ക്രിസ്തു തന്നെ ഏല്‍പ്പിച്ച വാള്‍ ഉടന്‍ തന്നെ ഒരു ജപമാലയായി രൂപാന്തരപ്പെട്ടെന്ന് ബിഷപ്പ് ഒലിവര്‍ ഡാഷേ സ്വപ്‌നത്തില്‍ ദര്‍ശിച്ചു.

ഇതേ തുടര്‍ന്നാണ് ബിഷപ്പ് ഒലിവര്‍ ഡാഷേയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ ജപമാല ചൊല്ലി ബോക്കോ ഹറാമിന്റെ ആക്രമണത്തില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് ജനം പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചത്. അത്ഭുതകരമായി ബോക്കോ ഹറാം അവരുടെ ശക്തികേന്ദ്രങ്ങളില്‍ നിന്നെല്ലാം പിന്‍വലിഞ്ഞതായി ബിഷപ്പ് ഒലിവര്‍ ഡാഷേ പറയുന്നു. "മുന്‍പ് ബോക്കോ ഹറാം തീവ്രവാദികളെ നാട്ടില്‍ എല്ലാ സ്ഥലത്തും കാണാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ ശക്തിയെല്ലാം ചോര്‍ന്ന് ഉള്‍ക്കാടുകളിലേക്ക് അവര്‍ പലായനം ചെയ്തിരിക്കുന്നു. അനുദിനം തീവ്രവാദികളുടെ ഈ സംഘടന ക്ഷയിക്കുകയാണ്". ബിഷപ്പ് ഒലിവര്‍ ഡാഷേ പറഞ്ഞു.

തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് പലായനം ചെയ്ത 3.6 മില്യണ്‍ ആളുകള്‍ തങ്ങളുടെ സ്വദേശത്തേക്ക് ഇപ്പോള്‍ മടങ്ങി വരികയാണ്. ലെപ്പന്റോ യുദ്ധത്തിലും, ഫിലിപ്പിന്‍സ് സ്വേച്ഛാധിപതി ഫെര്‍ണാഡോ മാര്‍ക്കോസിനെതിരേയും ക്രൈസ്തവര്‍ക്ക് വിജയം കൈവരിക്കുവാന്‍ സാധിച്ചത് മാതാവിന്റെ മധ്യസ്ഥതയാലാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.


Related Articles »