Purgatory to Heaven. - October 2024

ശുദ്ധീകരണ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതും അകറ്റുന്നതും

സ്വന്തം ലേഖകന്‍ 16-10-2024 - Wednesday

“പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു” (സങ്കീ 130:6).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 16

“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കിടയില്‍ അവരെ ദൈവത്തിലേക്ക് ശക്തമായി വലിച്ചടുപ്പിക്കുന്ന എന്തോ ഉണ്ട് എന്ന കാര്യം നമുക്ക് പലപ്പോഴും കേള്‍ക്കുവാനിടയായിട്ടുണ്ട്. എന്നാല്‍ അവരില്‍ അവശേഷിച്ചിരിക്കുന്ന പാപത്തിന്റെ കറകള്‍ അവരെ പുറകിലേക്ക് വലിക്കുന്നു. ഈ പാപത്തിന്റെ കറകളെ അവര്‍ക്ക്‌ ശുദ്ധീകരിക്കേണ്ടതായിട്ടുണ്ട്. അവര്‍ വളരെ തീക്ഷണമായി ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക്‌ പെട്ടെന്ന് എത്തുവാന്‍ അവര്‍ക്ക്‌ കഴിയുകയില്ല. ദൈവത്തിന്റെ സ്നേഹം അവരുടെ വേദനകളെ ചെറുതാക്കുകയില്ല, മറിച്ച് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. 'സഹന സഭ' എന്ന അവരുടെ വിശേഷണം എത്രമഹനീയമാണ്”

(ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനും ഗ്രന്ഥരചയിതാവുമായ ഫാദര്‍ റെജിനാള്‍ഡ്‌ ഗാരിഗോ-ലാഗ്രാഞ്ച്, O.P )

വിചിന്തനം:

ദൈവത്തോടുള്ള തങ്ങളുടെ അഭിലാഷം പൂര്‍ത്തീകരിക്കുന്നതിനായി സഹന സഭയിലെ അംഗങ്ങളെ സഹായിക്കുക. സഹനമനുഭവിക്കുന്ന ആത്മാക്കളെ മോചിപ്പിക്കുന്നതില്‍ നിന്നും നിങ്ങളെ തടയുന്ന ആഗ്രഹങ്ങളേയും, ബോധ്യങ്ങളേയും, വികാരങ്ങളേയും, മനോഭാവങ്ങളേയും നിങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും ഒഴിവാക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?




Related Articles »