Arts

വനത്തിനുള്ളില്‍ മരങ്ങള്‍ കൊണ്ട് ഒരു ദൃശ്യവിസ്മയം: ആകാശത്തു നിന്നും മാത്രം കാണുവാന്‍ സാധിക്കുന്ന സെല്‍റ്റിക് കുരിശിന്റെ രൂപം ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍ 26-11-2016 - Saturday

ഡെറി സിറ്റി: അയര്‍ലണ്ടിലെ എമറാള്‍ഡ് എന്ന ചെറു ദ്വീപില്‍ ഒരു കുരിശുണ്ട്. ആകാശത്തു നിന്നും വീക്ഷിക്കുന്നവര്‍ക്ക് മാത്രം കാണുവാന്‍ സാധിക്കുന്ന ഒരു കുരിശ്. സാധാരണ തടിയിലും മറ്റു ലോഹങ്ങളിലും നിര്‍മ്മിക്കാറുള്ള കുരിശിനെ, മരങ്ങളുടെ ക്രമീകൃതമായ പ്രത്യേക വളര്‍ച്ചയിലൂടെയാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഡെറി സിറ്റി വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സെല്‍റ്റിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ ക്രൂശിനെ വ്യക്തതയോടെ ആകാശത്തു നിന്നും കാണുവാന്‍ സാധിക്കും.

ലിയാം എമറിയെന്ന ഫോറസ്റ്ററാണ് പ്രകൃതിയുടെ ഈ കുരിശിനെ നിര്‍മ്മിക്കുവാന്‍ വേണ്ടി പ്രയത്‌നിച്ചത്. കടുംപച്ച നിറത്തില്‍ ഇലകളുള്ള മരങ്ങളുടെ ഇടയില്‍, ഇടത്തരം പച്ച ഇലകളുള്ള മരങ്ങള്‍ നട്ടുപിടിപ്പിച്ചാണ് കുരിശിന്റെ രൂപം ലിയാം എമറി സൃഷ്ടിച്ചത്. ലിയാം എമറി നിര്‍മ്മിച്ച ഈ കുരിശിന് 328 അടി നീളവും 230 അടി വീതിയുമുണ്ട്.

പ്രശസ്ത ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്ധനായ ഗ്യാരത്ത് ഓസ്റ്റിന്റെ നിരീക്ഷണത്തില്‍ ലിയാം എമറി നിര്‍മ്മിച്ച സെല്‍റ്റിക് കുരിശ് ഒരു ഉദ്യാന അത്ഭുതമാണ്. ഒരു ഉദ്യാനത്തെ എഞ്ചിനിയറുടെ മികവോടെയാണ് ലിയാം എമറി കുരിശ് ഒരുക്കിയെടുത്തിരിക്കുന്നതെന്നും ഗ്യാരത്ത് ഓസ്റ്റിന്‍ അഭിപ്രായപ്പെടുന്നു. 2010-ല്‍ ലിയാം എമറി ഇഹലോക വാസം വെടിഞ്ഞെങ്കിലും, അദ്ദേഹം നിര്‍മ്മിച്ച ഈ ഉദ്യാന അത്ഭുതം 60 മുതല്‍ 70 വര്‍ഷം വരെ ഭൂമിയില്‍ ദൃശ്യ വിസ്മയം തീര്‍ത്തു അനേകര്‍ക്ക് മുന്നില്‍ കൌതുകമായി നിലനില്‍ക്കും.

കാടിനുള്ളിലെ ദൃശ്യവിസ്മയത്തിന്റെ വീഡിയോ


Related Articles »