News - 2024

പ്രൊട്ടസ്റ്റന്റ് വിശ്വാസത്തില്‍ നിന്നു വിശുദ്ധ പദവിയിലേക്ക്: റോഡാ വൈസിന്റെ നാമകരണ നടപടികള്‍ക്ക് ആരംഭം

സ്വന്തം ലേഖകന്‍ 05-01-2017 - Thursday

കാന്‍ടണ്‍: പ്രൊട്ടസ്റ്റന്റ് വിശ്വാസം ഉപേക്ഷിച്ചു കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും നിരവധി പഞ്ചക്ഷതാനുഭവങ്ങള്‍ ഉണ്ടാവുകകയും ചെയ്ത ഒഹിയോ സ്വദേശി റോഡാ വൈസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി രൂപതാ തല നാമകരണ നടപടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. യങ്സ്ടൌണ്‍ രൂപതയുടെ കീഴിലുള്ള കാന്‍ടണിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ നടന്ന നാമകരണ നടപടികളുടെ ഭാഗമായ വിശുദ്ധ ബലിയില്‍ ആയിരകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

പ്രൊട്ടസ്റ്റന്റ് വിശ്വാസിയായി ജനിക്കുകയും, വളര്‍ത്തപ്പെടുകയും ചെയ്ത ശേഷം നിരവധി പഞ്ചക്ഷതാനുഭവങ്ങള്‍ ഉണ്ടായ റോഡാ വൈസ് കത്തോലിക്ക വിശ്വാസത്തിലേക്ക് പിന്നീട് കടന്നു വരികയായിരുന്നു. ഈശോയുടെ തിരുഹൃദയത്തോടും, ജപമാലയോടും പ്രത്യേക ഭക്തിയും താല്‍പര്യവും കാണിച്ചിരുന്ന റോഡാ വൈസിന് തിക്തമായ പല ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നു. ലിസ്യൂവിലെ വിശുദ്ധ തെരേസയോടുള്ള പ്രത്യേക ഭക്തിയും റോഡാ വൈസ് തന്റെ ജീവിതത്തില്‍ കാത്തുസൂക്ഷിച്ചിരുന്നു.

ഭര്‍ത്താവിന്റെ കടുത്ത മദ്യപാനവും ഇളയ മകളുടെ വേര്‍പാടും സാമ്പത്തികമായ ക്ലേശങ്ങളും, റോഡാ വൈസിനെ ഏറെ വലച്ചിരുന്നു. ഇത്തരം ക്ലേശകരമായ ജീവിത സാഹചര്യങ്ങളിലും ദൈവവുമായുള്ള ബന്ധം നിലനിര്‍ത്തുവാന്‍ റോഡാ വൈസ് പ്രത്യേകം ശ്രദ്ധിച്ചു. വിവിധ രോഗങ്ങളെ തുടര്‍ന്നു ആശുപത്രി കിടക്കയില്‍ ആയിരുന്നപ്പോള്‍ ഒരു കന്യാസ്ത്രീയാണ് ജപമാലയെ കുറിച്ച് റോഡാ വൈസിനോട് പറഞ്ഞത്. ഇതുപ്രകാരമാണ് അവര്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് ആകൃഷ്ടയായത്.

ലിസ്യൂവിലെ വിശുദ്ധ തെരേസയോടൊപ്പം യേശുവിന്റെ ദര്‍ശനം തനിക്ക് ലഭിച്ചിരിന്നതായി റോഡ വൈസ് സാക്ഷ്യപ്പെടുത്തിയിരിന്നു. ഡോക്ടറുമാര്‍ ഭേദമാകില്ലെന്ന് കല്‍പ്പിച്ച ആമാശയ ക്യാന്‍സര്‍, അത്ഭുതകരമായി സുഖപ്പെട്ട റോഡ വൈസ് വിശ്വാസത്തില്‍ കൂടുതല്‍ ഉറയ്ക്കുകയും ദൈവത്തിന്റെ ശക്തമായ സാക്ഷ്യമായി മാറുകയും ചെയ്തു. തന്റെ ജീവിത കാലത്തും, അതിനു ശേഷവും നിരവധി പേര്‍ക്ക് തന്റെ പ്രാര്‍ത്ഥനകളിലൂടെ ദൈവകൃപ സമ്മാനിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് റോഡാ വൈസ്.

റോഡയുടെ മധ്യസ്ഥതയില്‍ അത്ഭുതങ്ങള്‍ നടന്നതായി നൂറുകണക്കിനു ആളുകള്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. EWTN നെറ്റ്വര്‍ക്കിന്റെ സ്ഥാപകയായ മദര്‍ ആഞ്ചലിക്കയ്ക്ക് ഉദരത്തില്‍ ഉണ്ടായ കഠിനമായ വേദന മാറുവാന്‍ റോഡാ വൈസിന്റെ മാദ്ധ്യസ്ഥം സഹായിച്ചിരുന്നതായി മദര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു.

യംഗ്‌സ്റ്റണ്‍ രൂപതയുടെ ബിഷപ്പായ ജോര്‍ജ് വി. മുരിയാണ് റോഡാ വൈസിന്റെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ദൈവദാസി എന്ന പദവിക്ക് റോഡാ വൈസ് അര്‍ഹയാണെന്ന് ബിഷപ്പ് ജോര്‍ജ് വി. മുരിയ പ്രഖ്യാപിച്ചു. നാമകരണ നടപടികളുടെ ഭാഗമായി പ്രത്യേക ട്രൈബ്യൂണലും രൂപീകരിച്ചിട്ടുണ്ട്. ഈ ട്രൈബ്യൂണല്‍ മുമ്പാകെ വിശ്വാസികള്‍ക്ക് റോഡാ വൈസുമായി ബന്ധപ്പെട്ട രേഖകളും സാക്ഷ്യങ്ങളും സമര്‍പ്പിക്കുവാനുള്ള അവസരമുണ്ട്. റോഡയുടെ ജീവിതത്തെ കുറിച്ച് വിശദമായ പഠനം ട്രൈബ്യൂണല്‍ നടത്തും. ഇതിനു ശേഷം വത്തിക്കാനിലേക്ക് പ്രത്യേക റിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ അയച്ചു നല്‍കും. തുടര്‍ന്നാകും വത്തിക്കാനില്‍ നിന്നു മേല്‍ നടപടികള്‍ നടക്കുക.


Related Articles »