News - 2024

രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയത്തിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 11-01-2017 - Wednesday

കെയ്‌റോ: രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയത്തിന്റെ നിര്‍മ്മാണം 2018-ല്‍ പൂര്‍ത്തീകരിക്കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുടെ പ്രഖ്യാപനം. ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ കാണാന്‍ സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തിലേക്ക് എത്തിയപ്പോഴാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് തന്റെ തീരുമാനം അറിയിച്ചത്. സെന്റ് മാര്‍ക്ക്‌സ് ദേവാലയം നിര്‍മ്മിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അടുത്ത വര്‍ഷം തന്നെയാകും ഏറ്റവും വലിയ ക്രൈസ്തവ ദേവാലയം രാജ്യത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കപ്പെടുകയെന്നും അല്‍ സിസി പറഞ്ഞു. ദേവാലയം കൂടാതെ ഏറ്റവും വലിയ മോസ്ക്ക് നിര്‍മ്മിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

ഇതിനായി ഒരു ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് താന്‍ സംഭാവന നടത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. ഈജിപ്റ്റിന്റെ തലസ്ഥാന നഗരത്തെ പുതുക്കി പണിയുന്ന പദ്ധതികളുടെ ഭാഗമായിട്ടാണ് പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത്. പുതിയ ദേവാലയം നിര്‍മ്മിക്കുമെന്ന ഉറപ്പ് നല്‍കുമ്പോള്‍ തന്നെ, തന്റെ പഴയ വാഗ്ദാനത്തെ മറന്നിട്ടില്ലെന്നും അല്‍ സിസി പറഞ്ഞു. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്ത് തകര്‍ക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍ എല്ലാം പുനര്‍നിര്‍മ്മിക്കുമെന്ന് അല്‍ സിസി പറഞ്ഞിരുന്നു. ഇനി രണ്ടു ദേവാലയങ്ങള്‍ കൂടിയാണ് ഇത്തരത്തില്‍ പുനര്‍നിര്‍മ്മിക്കുവാന്‍ ബാക്കിയുള്ളത്.

മിനിയ, എല്‍-ആറിഷ് തുടങ്ങിയ സ്ഥലങ്ങളിലാണ് ദേവാലയ പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ കിടക്കുന്നത്. ഉടന്‍ തന്നെ ഇതിന്റെ പുനര്‍നിര്‍മ്മാണം നടത്തുമെന്നും അല്‍ സിസി വിശ്വാസികള്‍ക്ക് ഉറപ്പ് നല്‍കി. തകര്‍ക്കപ്പെട്ട മറ്റ് ക്രൈസ്തവ ദേവാലയങ്ങളുടെ പണികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ തവാദ്രോസ് രണ്ടാമന്റെ സാന്നിധ്യത്തിലാണ് പുതിയ പ്രഖ്യാപനം അല്‍ സിസി നടത്തിയത്. മൂന്നു വര്‍ഷം മുമ്പ് താന്‍ നടത്തിയ ചില പ്രഖ്യാപനങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ കഴിയാതിരുന്നതിനെ സംബന്ധിച്ച് ഒരു പരാതിയും പറയാതിരുന്ന തവാദ്രോസ് രണ്ടാമനോട് അല്‍ സിസി പ്രത്യേകം നന്ദി അറിയിച്ചു.

ക്രിസ്തുമസ് ദിനത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റാണ് അബ്ദല്‍ ഫത്താ അല്‍ സിസി. 2015 മുതല്‍ തുടര്‍ച്ചയായി ക്രിസ്തുമസ് ദിനങ്ങളില്‍ അദ്ദേഹം ദേവാലയത്തില്‍ എത്തിയ ശേഷം വിശുദ്ധ ബലിയില്‍ പങ്കെടുക്കാറുണ്ട്. 28 പേരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണം നടന്ന സെന്റ് മാര്‍ക്ക്‌സ് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് എത്തിച്ചേര്‍ന്ന അല്‍ സിസിക്ക് വന്‍ വരവേല്‍പ്പാണ് വിശ്വാസികള്‍ നല്‍കിയത്.

"ഈജിപ്ഷ്യന്‍ ജനത ഒന്നാണ്. ലോകത്തിന് മുഴുവനും വെളിച്ചവും, സ്‌നേഹവും, സമാധാനവും പകര്‍ന്നു നല്‍കുവാന്‍ ഈജിപ്റ്റുകാര്‍ കടപ്പെട്ടിരിക്കുന്നു. ലോകത്തിന് മുന്നില്‍ മാതൃകയുള്ള ഒരു ജനതയായി നാം മാറണം. ഇതിനായി നാം ഒറ്റക്കെട്ടായി വേണം നില്‍ക്കുവാന്‍. തീവ്രവാദത്തിനും ഭിന്നതയ്ക്കും നമ്മുടെ ഇടയില്‍ സ്ഥാനമില്ല. സാഹോദര്യത്തിനും, സ്‌നേഹത്തിനുമാണ് നാം വിലകല്‍പ്പിക്കുന്നത്. ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ദൈവത്തിന്റെ ആലയത്തിനുള്ളിലാണ്. ഇവിടെ നിന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവമേ ഈജിപ്റ്റിനെ സുരക്ഷിതമായി കാത്തുകൊള്ളേണമേ". അബ്ദല്‍ ഫത്താ അല്‍ സിസി പറഞ്ഞു.


Related Articles »