News - 2025
മക്‌ഡൊണാള്‍ഡ്‌സും വത്തിക്കാനും ചേര്‍ന്ന് സാധുക്കള്‍ക്ക് ഭക്ഷണം വിതരണം ചെയ്യും
സ്വന്തം ലേഖകന്‍ 13-01-2017 - Friday
വത്തിക്കാന്‍: ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ പ്രത്യേക പദ്ധതി വത്തിക്കാനില്‍ നടപ്പിലാക്കുന്നു. ദാനധര്‍മ്മങ്ങള്‍ക്കു വേണ്ടിയുള്ള മാര്‍പാപ്പയുടെ ഓഫീസ്, മെഡിസിനാ സോളിഡൈല്‍, മക്‌ഡൊണാള്‍ഡ്‌സ് എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പരിസരത്ത് താമസിക്കുന്ന ഭവനമില്ലാത്ത സാധുക്കള്‍ക്കാണ് ഭക്ഷണം സൗജന്യമായി നല്‍കുക.
ഈ മാസം 16-ാം തീയതി മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് മെഡിസിനാ സോളിഡൈലിന്റെ ഡയറക്ടറായ ലൂസിയ എര്‍ക്കോളി വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആയിരം ഭക്ഷണ പൊതികള്‍ നല്‍കുവാനാണ് ആദ്യഘട്ടത്തില്‍ സംഘാടകര്‍ പദ്ധതിയിട്ടിരിക്കുന്നത്. തുടര്‍ച്ചയായ പത്തു തിങ്കളാഴ്ചകളില്‍ നൂറു പേര്‍ക്ക് വീതമാണ് സൗജന്യ ഭക്ഷണപൊതികള്‍ നല്‍കുക. കൂടുതല്‍ ആവശ്യക്കാര്‍ പദ്ധതിക്ക് ഉണ്ടെന്ന കാര്യം തങ്ങള്‍ മറക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
"ഒരു ഡബിള്‍ ചീസ്ബര്‍ഗര്‍, ഒരു കഷ്ണം ആപ്പിള്‍, ഒരു കുപ്പി വെള്ളം. ഇത്രയും ഭക്ഷണസാധനങ്ങള്‍ അടങ്ങുന്നതാണ് ഒരു ഭക്ഷണപൊതി. ഈ മാസം 16-ാം തീയതി മുതല്‍ തുടര്‍ച്ചയായി വരുന്ന പത്തു തിങ്കളാഴ്ചകളില്‍ 100 പേര്‍ക്ക് വീതമാണ് ഭക്ഷണപൊതികള്‍ വിതരണം ചെയ്യുവാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ പുതിയ പദ്ധതിയെ ഒരു ചെറിയ തുടക്കമായി കണ്ടാല്‍ മതിയാകും. ഭാവിയില്‍ സ്ഥിരമായി, കൂടുതല്‍ വിപുലമായി ഈ പദ്ധതി നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുന്നത്". ലൂസിയ എര്‍ക്കോളി വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അടുത്തിടെയാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് സമീപത്തായി മക്‌ഡൊണാള്‍ഡ്‌സ് തങ്ങളുടെ പുതിയ ശാഖ ആരംഭിച്ചത്. പുതിയ ശാഖയുടെ പ്രവര്‍ത്തനത്തോട് നിരവധി ആളുകള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരിന്നു. പ്രദേശവാസികളുടെ ഇടയിലേക്ക് കൂടുതല്‍ ഇറങ്ങിചെല്ലുന്നതിനായി പുതിയ പദ്ധതി സഹായിക്കുമെന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ കരുതുന്നത്.
