News - 2024

റഷ്യന്‍ സര്‍ക്കാര്‍ മ്യൂസിയമായി സൂക്ഷിച്ചിരുന്ന കത്തീഡ്രല്‍ ദൈവാലയം ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചു

സ്വന്തം ലേഖകന്‍ 16-01-2017 - Monday

മോസ്‌കോ: റഷ്യന്‍ സര്‍ക്കാര്‍ തങ്ങളുടെ നിയന്ത്രണത്തില്‍ സൂക്ഷിച്ചിരുന്ന ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയം പൂര്‍ണ്ണമായും സഭയ്ക്ക് വിട്ടുനല്‍കുവാന്‍ തീരുമാനിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സെന്റ് ഐസക്‌സ് കത്തീഡ്രല്‍ ദേവാലയത്തെയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക് വിട്ടു നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സഭയും സര്‍ക്കാരും ശക്തമായ രീതിയില്‍ അടുക്കുന്നുവെന്നതിന്റെ സൂചനയാണ് ഏറ്റവും പുതിയ ഈ നടപടിയെന്ന്‍ വിലയിരുത്തപ്പെടുന്നു.

നിലവില്‍ മ്യൂസിയമായിട്ടാണ് സെന്റ് ഐസക്‌സ് കത്തീഡ്രല്‍ സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിന്നത്. സഭയ്ക്ക് ദേവാലയം കൈമാറിയാലും സന്ദര്‍ശകര്‍ക്ക് ഇവിടേയ്ക്ക് വരുന്നതിനു തടസ്സം ഉണ്ടാകില്ലായെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഡെപ്യൂട്ടി ഗവര്‍ണ്ണറായ മിഖായേല്‍ മൊക്‌റെറ്റ്‌സോവ് അറിയിച്ചു. ചരിത്ര പ്രധാന്യമുള്ള നിര്‍മ്മിതിയായ കത്തീഡ്രലിന്റെ അറ്റകുറ്റപണികള്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ സന്തോഷത്തോടെയാണ് സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വക്താവായ വ്ലാഡിമര്‍ ലിഗോയ്ഡാ പ്രതികരിച്ചു.

"കത്തീഡ്രല്‍ ദേവാലയത്തിലേക്ക് വരുന്ന സന്ദര്‍ശകരെ നിയന്ത്രിക്കുന്ന ഒരുതരത്തിലുള്ള നടപടികളും സഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുകയില്ല. ഈ ദേവാലയത്തെ ഒരു മ്യൂസിയമായി സംരക്ഷിക്കുക എന്നത് തന്നെയാണ് സഭയും ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി സര്‍ക്കാര്‍ ഈ പ്രവര്‍ത്തിയാണ് ചെയ്യുന്നത്". വ്ലാഡിമര്‍ ലിഗോയ്ഡാ പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബള്‍ട്ടി ഓര്‍ത്തഡോക്‌സ് രൂപതയുടെ ബിഷപ്പ് മാര്‍ഷല്‍ മിഹായിസ്‌കു പറഞ്ഞു. ക്രൈസ്തവ മൂല്യങ്ങളെ സംരക്ഷിക്കുന്ന രാജ്യമായിട്ടാണ് റഷ്യ എല്ലാകാലത്തും അറിയപ്പെട്ടിരുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

സുവിശേഷ പ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന തരത്തിലുള്ള ചില നിയമങ്ങള്‍ അടുത്തിടെ റഷ്യന്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പരമ്പരാഗത ഓര്‍ത്തഡോക്‌സ്, കത്തോലിക്ക സഭകളെ ദോഷകരമായി ബാധിക്കില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പുതിയ സര്‍ക്കാര്‍ തീരുമാനങ്ങള്‍ റഷ്യന്‍ സര്‍ക്കാറിനെ നയിക്കുന്ന വ്ലാഡിമര്‍ പുടിനും ക്രൈസ്തവ സഭയിലെ നേതാക്കന്‍മാരും തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടികാണിക്കുന്നു. അതേ സമയം ദേവാലയത്തിന്റെ നിയന്ത്രണം സഭയ്ക്ക് കൈമാറുന്നതിനെ എതിര്‍ത്തു ഒരു വിഭാഗം ആളുകള്‍ രംഗത്തു വന്നിട്ടുണ്ട്.


Related Articles »