News - 2024

മരണത്തിന്റെയും തകര്‍ച്ചയുടെയും വക്കില്‍ നിന്നും രക്ഷിക്കുവാന്‍ പ്രാര്‍ത്ഥനയ്ക്ക് സാധിക്കും: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 19-01-2017 - Thursday

വത്തിക്കാന്‍: മരണത്തിന്റെയും തകര്‍ച്ചയുടെയും വക്കില്‍ നിന്നും നമ്മേ രക്ഷിക്കുവാന്‍ പ്രാര്‍ത്ഥനയ്ക്ക് സാധിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചതോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ് പാപ്പ പ്രാര്‍ത്ഥനയുടെ ശക്തിയെ കുറിച്ച് വിശ്വാസ സമൂഹത്തോട് പങ്കുവെച്ചത്. പോള്‍ ആറാമന്‍ ഹാളില്‍ നടത്തിയ പ്രസംഗം കേള്‍ക്കുവാന്‍ ആയിരക്കണക്കിനു വിശ്വാസികളാണ് എത്തിചേര്‍ന്നിരിന്നത്.

തങ്ങള്‍ക്ക് ഒരാവശ്യം വരുമ്പോള്‍ മാത്രം ദൈവത്തിലേക്ക് തിരിയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നടപടി പ്രയോജനമില്ലാത്തതാണെന്ന് ഭൂരിഭാഗം വിശ്വാസികളും മനസില്‍ കരുതുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. എന്നാല്‍ ഇത്തരം ചിന്തകള്‍ അസ്ഥാനത്താണെന്നും നമ്മുടെ ബലഹീനതകളെ നല്ലതു പോലെ അറിയുന്ന സ്‌നേഹവാനായ പിതാവാണ് ദൈവമെന്ന്‍ പാപ്പ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. ദയാലുവായ ഒരു പിതാവിന്റെ പുഞ്ചിരിയോടെ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് അവിടുന്ന് ഉത്തരം നല്‍കുമെന്നും പാപ്പ പറഞ്ഞു.

യോനാ പ്രവാചകന്റെ ജീവിതത്തിലെ പ്രാര്‍ത്ഥനാ അനുഭവത്തെ കുറിച്ചും പാപ്പ വിശ്വാസികളോട് പങ്കുവെച്ചു. ആദ്യം ദൈവത്തിന്റെ കല്‍പനകളെ അനുസരിക്കാതെ പ്രവര്‍ത്തിച്ച യോനയ്ക്ക് ഉണ്ടായ പ്രശ്‌നങ്ങളേയും, അതില്‍ നിന്നും തിരിഞ്ഞപ്പോള്‍ ഉണ്ടായ രക്ഷയേയും സംബന്ധിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ കേള്‍വിക്കാരോട് പറഞ്ഞു.

"കപ്പല്‍ മുങ്ങുവാന്‍ തുടങ്ങിയ നേരത്താണ് യോനായ്ക്ക് തിരിച്ചറിവ് വരുന്നത്. പീഡനങ്ങളുടെ നടുവില്‍ പ്രവാചകന്റെ വായില്‍ നിന്നും ഉയരുന്ന രണ്ടു വരി പ്രാര്‍ത്ഥനയാണ് ദൈവത്തിന്റെ കാരുണ്യത്തെ അവിടെയ്ക്ക് എത്തിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട കപ്പല്‍ യാത്രക്കാരെയും, പ്രവാചകനെയും, ദൈവഹിതത്തില്‍ നിന്നും വേര്‍പ്പെട്ട് ജീവിച്ചിരുന്ന ജനതയെയും ഈ പ്രാര്‍ത്ഥന രക്ഷപെടുത്തി".

"പ്രാര്‍ത്ഥന നമ്മിലേക്ക് പ്രത്യാശയാണ് കൊണ്ടുവരുന്നത്. ഇരുളിലേക്ക് നമ്മുടെ കാര്യങ്ങള്‍ നീങ്ങുമ്പോള്‍ കൂടുതലായി നാം പ്രാര്‍ത്ഥിക്കണം. അപ്പോള്‍ പ്രത്യാശയിലേക്ക് നാം നയിക്കപ്പെടും. ദൈവത്തിന്റെ ദീര്‍ഘക്ഷമയുടെയും കരുണയുടെയും വലിയ ഉദാഹരണമാണ് യോനാ പ്രവാചകന്റെ ജീവിതം. സംഭവിക്കാന്‍ പോകുന്ന മരണത്തെക്കുറിച്ചുള്ള ഭയം വിജാതീയരെ പ്രാര്‍ത്ഥനയിലേക്കു നയിച്ചു. ആ ഭയം അപരനുവേണ്ടി സ്വയം ദാനമാകാന്‍ പ്രവാചകന് പ്രചോദനം പകര്‍ന്നു". പരിശുദ്ധ പിതാവ് പറഞ്ഞു.

ക്രൈസ്തവ വിശ്വാസികളുടെ യോജിപ്പിനു വേണ്ടി പ്രത്യേകമായി നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ വാരത്തിന് തുടക്കം കുറിക്കുന്ന ദിവസം കൂടിയായിരുന്നു ഇന്നലെ. 'അനുരഞ്ജനം: ക്രിസ്തുവിന്റെ സ്‌നേഹം ഉത്തേജിപ്പിക്കുന്നു' എന്നതാണ് 2017-ല്‍ നടത്തപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിന്റെ മുഖ്യ ചിന്താവിഷയം. ക്രൈസ്തവര്‍ തമ്മില്‍ അനുരഞ്ജനം പ്രാപിച്ചു വേണം മുന്നോട്ടു പോകുവാനെന്ന കാര്യവും വിവിധ രാജ്യങ്ങളില്‍ നിന്ന്‍ എത്തിയ കേള്‍വിക്കാരോട് പാപ്പ പ്രത്യേകം ഓര്‍മ്മപ്പെടുത്തി.


Related Articles »