News - 2025
ദൈവദാസന്‍ തിയോഫിനച്ചന്റെ നാമകരണ നടപടികള്‍ക്ക് വത്തിക്കാനില്‍ തുടക്കം
സ്വന്തം ലേഖകന്‍ 19-01-2017 - Thursday
വത്തിക്കാന്‍: ദൈവദാസന്‍ തിയോഫിനച്ചന്‍റെ നാമകരണത്തിനുള്ള തുടര്‍ നടപടികള്‍ വത്തിക്കാനില്‍ ആരംഭിച്ചു. വരാപ്പുഴ അതിരൂപത തലത്തിലുള്ള നടപടികള്‍ പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമദേവാലയത്തില്‍ ഒക്ടോബര്‍ 24നു പൂര്‍ത്തിയായിരുന്നു. ഇതു സംബന്ധിച്ച് കാനോനിക രേഖകളടങ്ങിയ 94 പേടകങ്ങള്‍ വത്തിക്കാനില്‍ എത്തിച്ചിട്ടുണ്ട്.
നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. കാര്‍ലോകലോണിയുടെ അഭ്യര്‍ത്ഥന പ്രകാരമാണു വത്തിക്കാനില്‍ നാമകരണ നടപടികള്‍ ആരംഭിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ തിയോഫിനച്ചന്‍ ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടും. പിന്നീടു വിവിധ പഠനങ്ങളുടെയും അത്ഭുതപ്രവര്‍ത്തികളുടെയും അടിസ്ഥാനത്തിലായിരിക്കും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും തുടര്‍ന്നു വിശുദ്ധ പദവിയിലേക്കും തിയോഫിനച്ചനെ ഉയര്‍ത്തുക.
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് കുടല്ലൂര്‍ കുടുംബത്തില്‍ 1913 ജൂലൈ 20നു ജനിച്ച തിയോഫിനച്ചന്‍ 1941 ഏപ്രില്‍ 20നു പൗരോഹിത്യം സ്വീകരിച്ചു. 1959ല്‍ പൊന്നുരുന്നിയില്‍ ജീവിതമാരംഭിച്ച തിയോഫിനച്ചന്‍ തന്റെ ആശ്രമത്തെ ആതുരാലയമാക്കി. 'വല്യേച്ചന്‍' എന്ന നാമത്തില്‍ അറിയപ്പെട്ട തിയോഫിനച്ചനെ തേടി ജാതിമതഭേദെമന്യേ ആശ്രമത്തിലേക്ക് ആളുകള്‍ ഒഴുകിയിരിന്നു. അക്കാലത്തെ കുടുംബ വഴക്കുകള്‍, തര്‍ക്കങ്ങള്‍, സ്വത്ത് വിഭജന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഒത്തുതീര്‍പ്പാക്കുന്നതില്‍ തിയോഫിനച്ചന്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു.
1968 ഏപ്രില്‍ നാലിനായിരുന്നു തിയോഫിനച്ചന്‍റെ മരണം. ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്‍റെ സുകൃതങ്ങള്‍ പ്രസിദ്ധമായിരുന്നു. 2005 ജനുവരി 10നാണ് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. 2014 ഫെബ്രുവരി ഒന്നിനു തിയോഫിനച്ചന്‍ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറ തുറന്നു പരിശോധിച്ചിരുന്നു.
