News - 2025
ചൈനയില്‍ ക്രൈസ്തവ സഭകള്‍ക്ക് മേല്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 27-01-2017 - Friday
ബെയ്ജിംഗ്: ചൈനയില്‍ ക്രൈസ്തവ സഭകള്‍ക്ക് നേരെ കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ പുതിയ ഭരണ നടപടികളാണ് ക്രൈസ്തവ വിശ്വാസികള്‍ക്കും മറ്റ് മത വിശ്വാസികള്‍ക്കും പ്രശ്‌നമായി മാറിയിരിക്കുന്നത്. മതവിശ്വാസത്തെ അടിച്ചമര്‍ത്തുക എന്ന തരത്തിലേക്ക് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. കൂടുതല്‍ ശക്തമായ നടപടികളുമായി മുന്നോട്ടു നീങ്ങുന്ന സര്‍ക്കാര്‍, മതങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുകയാണെന്നു വാച്ച് ഡോഗ് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
2003 വരെ ചൈനീസ് പ്രസിഡന്റായിരുന്ന സിയാംഗ് സെമിന്‍ മതവിശ്വാസത്തെ, നടപ്പിലിരിക്കുന്ന രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളോട് ഇണക്കി ചേര്‍ത്ത് മുന്നോട്ട് കൊണ്ടുപോകുന്ന തരം നിലപാടാണ് സ്വീകരിച്ചിരുന്നത്. 2012-ല്‍ അധികാരത്തിലേക്ക് എത്തിയ സീ ജിന്‍പിംഗ് കൂടുതല്‍ ശക്തമായ രീതിയില്‍ മതത്തെ നിയന്ത്രിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് 'ചൈനീസ് എയ്ഡ്' എന്ന ക്രൈസ്തവ സംഘടന വിശദീകരിക്കുന്നു. പലസ്ഥലങ്ങളിലും കുരിശു രൂപങ്ങള്‍ തകര്‍ക്കപ്പെടുന്നതും, ക്രൈസ്തവരുടെ വീടുകള്‍ കൈയ്യേറുന്നതും ഇതിന്റെ ഭാഗമായിട്ടാണെന്ന് വിലയിരുത്തപ്പെടുന്നു.
ഭൂഗര്‍ഭ കത്തോലിക്ക സഭകളും, പ്രൊട്ടസ്റ്റന്‍ഡ് സഭകളും ഒരുപോലെ ഭീഷണി നേരിടുന്ന അവസ്ഥയാണ് ചൈനയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. വീടുകളില്‍ ഒത്തുചേരുന്ന കൂട്ടായ്മകളെ 'സ്വകാര്യ സഭകള്‍' എന്ന രീതിയിലാണ് ചൈനീസ് സര്‍ക്കാര്‍ കണക്കാക്കുന്നത്. സ്വകാര്യ സഭകളെ തുടച്ചു നീക്കുവാന്‍ പ്രത്യേക ഓര്‍ഡറുകളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ക്രൈസ്തവദേവാലയങ്ങള്‍, സുവിശേഷപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ വിവിധ രേഖകള്‍ തയ്യാറാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ചൈനയില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രണ്ടു ക്രൈസ്തവ സഭകള്‍ മാത്രമാണ് ഉള്ളത്. ഇവരുടെ കൂടെ യോജിച്ച് പ്രവര്‍ത്തിക്കുവാനുള്ള നിര്‍ദേശമാണ് എല്ലാ സ്വകാര്യ സഭകള്‍ക്കും ഭൂഗര്‍ഭ സഭകള്‍ക്കും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ സംഘടനകള്‍ പോലെ മാത്രമേ, സര്‍ക്കാര്‍ അംഗീകരിച്ച സഭകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സാധിക്കൂ. ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിലുള്ള ആശങ്കയാണ് സര്‍ക്കാരെ പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ചൈന എയ്ഡ് സ്ഥാപകന്‍ ബോബ് ഫൂ അഭിപ്രായപ്പെട്ടു.
