News - 2025

ഇന്‍റര്‍നെറ്റിന്റെ ചതികുഴികളെ യുവജനങ്ങള്‍ തിരിച്ചറിയണമെന്ന് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ്

സ്വന്തം ലേഖകന്‍ 28-01-2017 - Saturday

ബംഗളൂരു: നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അതിലെ ചതികുഴികളെ കുറിച്ചു യുവജനങ്ങള്‍ക്ക് ബോധ്യമുണ്ടാകണമെന്ന് ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ്. യുവജനങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന 2018-ലെ മെത്രാന്‍ സിനഡുമായി ബന്ധപ്പെട്ട് 'ഏഷ്യാന്യൂസ്' എന്ന മാധ്യമത്തിന് നല്‍കിയ പ്രത്യേക സന്ദേശത്തിലാണ് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിലെ പ്രശ്‌നങ്ങളെ ചൂണ്ടികാണിച്ചത്.

വിവര സാങ്കേതിക വിദ്യയുടെ വലിയ കുതിച്ചുചാട്ടം നമ്മേ പലരീതിയിലും സഹായിക്കുന്നുണ്ടെന്നു പറഞ്ഞ ആര്‍ച്ച് ബിഷപ്പ് ഇത്തരം സാങ്കേതിക വിദ്യയ്ക്കു പിന്നില്‍ വലിയ തിന്മകള്‍ ഒളിഞ്ഞു കിടപ്പുണ്ടെന്നും പറഞ്ഞു. മനുഷ്യ ജീവിതങ്ങളെ മെച്ചപ്പെട്ട രീതിയിലേക്ക് നയിക്കുന്നതില്‍ വിവര സാങ്കേതിക വിദ്യയ്ക്കുള്ള പങ്കിനെ വിസ്മരിക്കുവാന്‍ കഴിയാത്തതാണെന്നും ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ് അഭിപ്രായപ്പെടുന്നു.

"ജീവിതം കൂടുതല്‍ സമാധാനപരവും, സന്തോഷകരവുമാകുവാന്‍ സാങ്കേതികവിദ്യ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുവാന്‍ വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിലൂടെ സാധിച്ചു. ഇത്തരം നിരവധിയായ നേട്ടങ്ങള്‍ നമുക്ക് നല്‍കിയ സാങ്കേതിക വിദ്യയിലെ എല്ലാ കാര്യങ്ങളും ഗുണപരമായി സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന് പറയാന്‍ സാധിക്കുകയില്ല. നമ്മുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ ഇത്തരം സാങ്കേതിക വിദ്യകളില്‍ ഒളിഞ്ഞുകിടക്കുന്നു".

"നാം സ്വകാര്യമെന്ന് കരുതുന്ന പലതിനെയും ഇവിടെ പരസ്യമാക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഇതുമായി ബന്ധപ്പെട്ട വിവിധ തരം തട്ടിപ്പുകളും കൂടുകയാണ്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും നമുക്ക് അപരിചിതരോട് സംസാരിക്കുവാന്‍ കഴിയുമെന്ന സ്ഥിതിയിലേക്ക് എത്തി. വ്യക്തിപരമായ വിവരങ്ങള്‍ നമ്മള്‍ ഇവരോട് പങ്കുവയ്ക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മേ നയിക്കുക വലിയ പ്രശ്‌നങ്ങളിലേക്കാണ്. ബ്ലാക്ക്‌മെയിലിംഗ് ഉള്‍പ്പെടെയുള്ളവയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്ന് എത്തിക്കുന്നു". ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ് പറഞ്ഞു.

വീട്ടമ്മമാരും, പെണ്‍കുട്ടികളും പലപ്പോഴും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതായും ആര്‍ച്ച് ബിഷപ്പ് ചൂണ്ടികാണിക്കുന്നു. ഇത്തരം തെറ്റുകളിലേക്ക് വീഴാതെ ഏറെ ജാഗ്രതയോട് മാത്രമേ പുതിയ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് യുവാക്കള്‍ കാലെടുത്തുവയ്ക്കാവൂ എന്ന ആഹ്വാനവും പരിശുദ്ധ പിതാവ് നല്‍കുന്നു. ഭൂമിയുടെ ഉപ്പാണ് നിങ്ങള്‍ എന്ന ക്രിസ്തുവിന്റെ വചനം, തന്റെ സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

ലോകത്തിന്റെ സാധ്യതകള്‍ക്കും, സാങ്കേതികവിദ്യകള്‍ക്കും അതീതമായി സ്വര്‍ഗീയ ഭവനത്തെ കുറിച്ചുള്ള ചിന്ത യുവാക്കളെ ഭരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് മോറസ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. 2018-ല്‍ നടക്കുന്ന സിനഡ് 'വിശ്വാസവും ദൈവവിളിയും യുവജനങ്ങളില്‍' എന്ന വിഷയമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.


Related Articles »