News - 2025
കഴിഞ്ഞ വര്ഷം ഭാരതത്തില് മതപീഡനത്തിന് ഇരയായത് 12,000-ല് അധികം ക്രൈസ്തവ വിശ്വാസികള്
സ്വന്തം ലേഖകന് 28-01-2017 - Saturday
ന്യൂഡല്ഹി: കഴിഞ്ഞ വര്ഷം ഭാരതത്തില് വിവിധതരം പീഡനങ്ങള് നേരിടേണ്ടി വന്ന ക്രൈസ്തവരുടെ എണ്ണം 12,000-ല് അധികമാണെന്ന് റിപ്പോര്ട്ട്. മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കാത്തലിക് സെക്കുലര് ഫോറമാണ് 2016-ലെ ക്രൈസ്തവരുടെ പീഡനകണക്കുകള് പുറത്തുവിട്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില് നിരവധി വിശ്വാസികള് തടവിലാക്കപ്പെടുകയോ, ബലാല്സംഘം ചെയ്യപ്പെടുകയോ, ശാരീരിക ഉപദ്രവം ഏല്ക്കേണ്ടി വരുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ പേരില് കഴിഞ്ഞ വര്ഷം കൊല്ലപ്പെട്ടത് പത്തു പേരാണ്. വൈദികരും സുവിശേഷകരുമായ 500-ല് അധികം ആളുകള്ക്ക് വിവിധ തരം ആക്രമങ്ങള് ഏല്ക്കേണ്ടിവന്നു. 394 ക്രൈസ്തവരാണ് തങ്ങളുടെ വിശ്വാസത്തെ തുടര്ന്നു കഴിഞ്ഞ വര്ഷം തടവിലായത്. കന്യാസ്ത്രീകളും, സുവിശേഷ പ്രവര്ത്തകരുമായ 34 വനിതകള് പോയവര്ഷം പീഡനത്തിന് ഇരയായതായും റിപ്പോര്ട്ട് ചൂണ്ടികാണിക്കുന്നു.
തീവ്രഹൈന്ദവ ഗ്രൂപ്പായ ആര്എസ്എസ് നേതൃത്വത്തിലുള്ള വിവിധ സംഘടനകളാണ് ആക്രമണത്തിന് നേതൃത്വം നല്കുന്നതെന്നു റിപ്പോര്ട്ടില് പറയുന്നുണ്ട്. ഛത്തീസ്ഗഡിലാണ് പോയ വര്ഷം ക്രൈസ്തവര്ക്ക് നേരെ രൂക്ഷമായ ആക്രമണമുണ്ടായത്. രണ്ടു ക്രൈസ്തവര് കൊല്ലപ്പെട്ട സംസ്ഥാനത്ത്, ഒരു കന്യാസ്ത്രീ ക്രൂരമായ മാനഭംഗത്തിന് ഇരയാകുകയും ചെയ്തു. ഹിന്ദുമത വിശ്വാസികള് മാത്രമുള്ള ഭാരതം കെട്ടിപടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രവര്ത്തനമെന്ന് കാത്തലിക് സെക്യൂലര് ഫോറം സെക്രട്ടറിയായ ജോസഫ് ഡിയാസ് പറഞ്ഞു.
"ക്രൈസ്തവര്ക്ക് നേരെ നടക്കുന്ന ആക്രമണത്തില് ബിജെപിയുടെ പങ്കിനെ കുറിച്ചല്ല ഞങ്ങള്ക്ക് പരാതിയുള്ളത്. അവരുടെ മൗനമാണ് കൂടുതല് നിരാശവരുത്തുന്നത്. സംസ്ഥാനം ഭരിക്കുന്നവര് ന്യൂനപക്ഷങ്ങള്ക്ക് നേരെ നടക്കുന്ന അക്രമത്തെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുന്നു. എണ്ണത്തില് തീരെ കുറവായ ക്രൈസ്തവ സമൂഹത്തിന്, രാഷ്ട്രീയത്തിലോ, മറ്റ് ഏതെങ്കിലും മേഖലയിലോ ഒരു സ്വാധീനവുമില്ല. ഒരു തരത്തിലുള്ള അക്രമത്തിനും പോകാത്ത ഞങ്ങളെ അവര് തുടച്ചു നീക്കുവാനാണ് ശ്രമിക്കുന്നത്". ജോസഫ് ഡിയാസ് പറഞ്ഞു.
ദളിതര്ക്ക് നേരെ മുന്നോക്ക ഹൈന്ദവര്ക്കുള്ള പകയും ക്രൈസ്തവര്ക്ക് നേരെ നടക്കുന്ന അക്രമത്തിലേക്ക് വഴിവയ്ക്കുന്നു. ഇന്ത്യയിലെ 70 ശതമാനത്തോളം ക്രൈസ്തവരും ദളിത് വിഭാഗത്തില് നിന്നും ഉയര്ന്ന് വന്നിട്ടുള്ളവരാണ്. മതം മാറ്റം ആരോപിച്ചാണ് വൈദികര്ക്കും, കന്യാസ്ത്രീകള്ക്കും നേരെ സംഘപരിവാര് ശക്തികള് തിരിയുന്നത്. കൊല്ക്കത്തയിലെ വിശുദ്ധ തെരേസയ്ക്ക് എതിരെ വരെ ഇത്തരം ആരോപണങ്ങള് പലപ്പോഴും ആര്എസ്എസ്, ബിജെപി നേതാക്കള് ഉന്നയിച്ചിട്ടുണ്ട്.
2016 ജൂണ് 18-ാം തീയതി ബിജെപി എംപിയായ യോഗി ആദിത്യനാഥ് കൊല്ക്കത്തയിലെ വിശുദ്ധ തെരേസയുടെ ലക്ഷ്യം ഭാരതത്തെ ക്രൈസ്തവവല്ക്കരിക്കുകയാണെന്ന് ആരോപിച്ചിരുന്നു. സുബ്രഹ്മണ്യം സ്വാമിയും ഇതിനെ പിന്തുണച്ചു രംഗത്ത് എത്തി. ഇതിന് മുമ്പ് ആര്എസ്എസ് മേധാവി മോഹന് ഭാഗവതും സമാനമായ രീതിയില് മദര് തെരേസയ്ക്കെതിരെ പ്രതികരിച്ചിരിന്നു. ഇത്തരം വിവിധ പ്രശ്നങ്ങള് രാജ്യത്ത് തുടരുമ്പോഴും ക്രൈസ്തവരുടെ പിന്നോക്ക അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
നാഷണല് സാമ്പിള് സര്വ്വേ ഓര്ഗനൈസേഷന്റെ കണക്കുകള് പ്രകാരം രാജ്യത്ത് തൊഴില്രഹിതരായ ഏറ്റവും വലിയ മതസ്ഥര് ക്രൈസ്തവരാണ്. ഗ്രാമപ്രദേശങ്ങളില് 4.5 ശതമാനവും, നഗരങ്ങളില് 5.9 ശതമാനവുമാണ് ക്രൈസ്തവരായ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. യുഎസ് കമ്മീഷന് ഫോര് ഇന്റര്നാഷണല് റിലീജയണിന്റെ കണക്കുകള് പ്രകാരം മതസ്വാതന്ത്ര്യത്തിന് തടസം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില് 15-ാം സ്ഥാനമാണ് രാജ്യത്തിനുള്ളത്.