News
മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ നരഹത്യ തുടരാന്‍ അനുവദിക്കില്ല: ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍ 30-01-2017 - Monday
വാഷിംഗ്ടണ്‍: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം തുടരാന്‍ അനുവദിക്കില്ലായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ക്രൈസ്തവരോടുള്ള തന്റെ ഐക്യദാര്‍ഢ്യം ട്രംപ് വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്.
മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ഐഎസ് നടപടിയ്ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ട്രംപ് വ്യക്തമാക്കിയിരിന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റ്. "പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരായ നിരവധി പേര്‍ കൊല്ലപ്പെടുന്നു. ഈ ഭീകരാവസ്ത ഇനിയും തുടരുവാന്‍ അനുവദിക്കില്ല". ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ചില രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് യുഎസിലേക്ക് പ്രത്യേക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി വിവാദമായി നില്‍ക്കുമ്പോഴാണ് ക്രൈസ്തവരോടുള്ള തന്റെ ഐക്യദാര്‍ഢ്യം ട്രംപ് പരസ്യമായി വീണ്ടും വ്യക്തമാക്കുന്നത്. അതേ സമയം അമേരിക്കന്‍ അതിര്‍ത്തികള്‍ക്ക് ചുറ്റും ശക്തമായ മതിലുകള്‍ നിര്‍മ്മിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം മതിലുകള്‍ ഇല്ലാത്തതാണ് അഭയാര്‍ത്ഥികള്‍ അവരുടെ രാജ്യങ്ങളിലേക്ക് കടന്നുകയറുവാന്‍ കാരണമെന്നും ട്രംപ് ചൂണ്ടികാണിക്കുന്നു.
സിറിയയില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തുന്ന ക്രൈസ്തവര്‍ക്ക് കൂടുതല്‍ സഹായം ചെയ്തു നല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് ഒരു ക്രൈസ്തവ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേ സമയം ട്രംപിന്റെ ചില നടപടികള്‍ക്കെതിരെ രാജ്യത്ത് ഇപ്പോഴും പ്രക്ഷോഭം തുടരുകയാണ്.
