News - 2025
ട്രംപിന്റെ അഭയാര്‍ത്ഥി നയത്തിനെതിരെ യുഎസിലെ കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്
സ്വന്തം ലേഖകന്‍ 31-01-2017 - Tuesday
വാഷിംഗ്ടണ്‍: അഭയാര്‍ത്ഥികളെ യുഎസിലേക്ക് പ്രവേശിപ്പിക്കുന്ന നടപടികള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ അപലപിച്ച് കത്തോലിക്ക ബിഷപ്പുമാര്‍ രംഗത്ത്. ട്രംപിന്റെ നടപടി അനേകരെ ദുരിതത്തില്‍ ആക്കിയതായി കത്തോലിക്ക ബിഷപ്പുമാര്‍ പറഞ്ഞു. ക്രൂരമായ നടപടിയാണ് ട്രംപ് തന്റെ പുതിയ തീരുമാനത്തിലൂടെ സ്വീകരിച്ചിരിക്കുന്നതെന്നും ബിഷപ്പുമാര്‍ കുറ്റപ്പെടുത്തി.
മുസ്ലീം ഭൂരിപക്ഷ രാജ്യമായ സിറിയ, ഇറാഖ്, ലിബിയ, സുഡാന്‍, യെമന്‍, സൊമാലിയ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്ക് യുഎസില്‍ പ്രവേശിക്കുന്നതിനു പൂര്‍ണ്ണ വിലക്കാണ് ട്രംപ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ അഭയാര്‍ത്ഥികളുടെ അപേക്ഷ പരിഗണിക്കുന്നതും, അവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതുമായ എല്ലാ നടപടികളെയും 120 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ നടപടി മൂലം അഭയാര്‍ത്ഥികളായി എത്തിയ പലരും യുഎസിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കാതെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്.
യുഎസ് ചരിത്രത്തിലെ തന്നെ കറുത്ത ദിനമെന്നാണ്, തീരുമാനം പ്രഖ്യാപിക്കപ്പെട്ട ദിവസത്തെ ചിക്കാഗോ കര്‍ദിനാള്‍ ബ്ലയ്‌സ് ജെ. കുപ്പിച്ച് വിശേഷിപ്പിച്ചത്. അഭയാര്‍ത്ഥികള്‍ക്കും, മുസ്ലീം മതസ്ഥര്‍ക്കും നേരെ വാതില്‍ അടയ്ക്കുന്ന തീരുമാനം അമേരിക്കന്‍ സംസ്‌കാരത്തിനും, കത്തോലിക്ക വിശ്വാസത്തിനും ഘടകവിരുദ്ധമാണെന്നും കര്‍ദിനാള്‍ ബ്ലയ്‌സ് ജെ. കുപ്പിച്ച് പ്രതികരിച്ചു. പെട്ടെന്നുണ്ടായ ഇത്തരമൊരു തീരുമാനം നിരവധി പേര്‍ക്ക് ബുദ്ധിമുട്ടും, ദുഃഖവും വരുത്തിവച്ചതായി കര്‍ദിനാള്‍ പറഞ്ഞു.
സാന്‍റിയാഗോ ബിഷപ്പ് റോബര്‍ട്ട് മക്എല്‍റോയും ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചു. "മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ തടയുന്നവര്‍ ആദ്യം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനും, മാതാപിതാക്കള്‍ക്കും ഭരണാധികാരികളുടെ ക്രൂരമായ പല നടപടികളേയും തുടര്‍ന്ന് അഭയാര്‍ത്ഥികളായി താമസിക്കേണ്ടി വന്നിട്ടുണ്ട്. യുഎസിന്റെ പൈതൃകത്തിന് ചേരുന്ന നടപടിയല്ല അഭയാര്‍ത്ഥികളെ തടയുക എന്നത്". ബിഷപ്പ് റോബര്‍ട്ട് മക്എല്‍റോ പ്രതികരിച്ചു.
അഭയാര്‍ത്ഥികള്‍ക്കായി യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനയായ കമ്മിറ്റി ഓണ്‍ മൈഗ്രേഷന്‍സിന്റെ ചെയര്‍മാന്‍ ബിഷപ്പ് ജോയ് എസ്. വാസ്‌ക്വസും ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചു. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനെ, സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും നടപടിയായിട്ടാണ് സഭ കാണുന്നതെന്ന് ബിഷപ്പ് ജോയ് എസ്. വാസ്‌ക്വസ് പ്രതികരിച്ചു.
ട്രംപിന്റെ പുതിയ തീരുമാനത്തില്‍ യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. അഭയാര്‍ത്ഥികളോട് ഐക്യദാഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ഞായറാഴ്ച വൈറ്റ് ഹൗസിന് സമീപമുള്ള ലഫീയിറ്റി പാര്‍ക്കില്‍ നടത്തിയ വിശുദ്ധ ബലിയില്‍ 550-ല്‍ അധികം പേരാണ് പങ്കെടുത്തത്.
