News - 2025
മരണത്തിന് മുന്‍പേ വൈദികന്‍ തന്റെ ഘാതകന് മാപ്പു നൽകി; പ്രതിയുടെ ശിക്ഷ വിധിക്കാന്‍ കഴിയാതെ കോടതി
സ്വന്തം ലേഖകന്‍ 31-01-2017 - Tuesday
ടിബിലിസി: കുറ്റവാളികളുടെയും, മയക്കുമരുന്ന് കടത്തുന്നവരുടെയും, മാഫിയ ബന്ധമുള്ളവരുടെയും ഇടയില്‍ ദൈവവചനവും സേവനവും എത്തിക്കുക എന്നതായിരുന്നു ഫാദര്‍ റെനെ റോബര്‍ട്ടിന്റെ ജീവിത ലക്ഷ്യം. എന്നാല്‍ മരണത്തിന് മുന്‍പ് അദ്ദേഹം ഇപ്രകാരം എഴുതി, 'അക്രമികള്‍ തന്നെ കൊലപ്പെടുത്തിയാലും അവരെ ശിക്ഷിക്കരുത്'.
ഫാദര്‍ റെനെ റോബര്‍ട്ടിന്റെ മരണം അക്രമിയുടെ കൈകള്‍ കൊണ്ടാകുമെന്ന് അദ്ദേഹം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് തോന്നിപ്പിക്കുന്ന വിധമാണ് കാര്യങ്ങള്‍ വന്നു സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ഇന്നു തന്റെ ഘാതകനെ ശിക്ഷിക്കരുതെന്നു എഴുതിവെച്ചിരിന്ന വൈദികന്റെ കേസ് കോടതിക്കു മുന്നില്‍ ചോദ്യചിഹ്നമായി മാറുകയാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജോര്‍ജിയായിലാണ് ഫാദര്‍ റെനെ റോബര്‍ട്ട്‌സ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്. സ്റ്റീവന്‍ മുറേ എന്ന വ്യക്തിയാണ് ഫാദര്‍ റെനെ റോബര്‍ട്ട്‌സിനെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ സ്റ്റീവന്‍ മുറേയെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് കോടതിയില്‍ വാദിക്കുവാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചു. അപ്പോഴാണ് 1995-ല്‍ തന്നെ ഫാദര്‍ റെനെ റോബര്‍ട്ട് തയ്യാറാക്കിയ രേഖ പുറത്തുവന്നത്. രേഖയില്‍ ഇപ്രകാരം പറയുന്നു.
"എന്നെ ആരെങ്കിലും കൊലപ്പെടുത്തിയാല്‍, കൊലചെയ്തുവെന്ന് കണ്ടെത്തുന്ന വ്യക്തിയെ ഒരു കാരണവശാലും ശിക്ഷിക്കരുത്. ഞാന്‍ എത്ര വേദന അനുഭവിക്കേണ്ടി വന്നാലും, ഇത്തരമൊരു അവസ്ഥയിലേക്ക് എന്നെ എത്തിച്ച വ്യക്തിയുടെ ജീവനെ എടുക്കുവാന്‍ നിയമസംവിധാനം തുനിയരുത്. എന്നെ ആരെങ്കിലും കൊലപ്പെടുത്തുകയാണെങ്കില്‍ അയാളോട് ഞാന്‍ മുന്‍കൂട്ടി ക്ഷമിച്ചിരിക്കുന്നു". ഫാദര്‍ റെനെ റോബര്‍ട്ടിന്റെ സ്വകാര്യ ഫയലില്‍ സൂക്ഷിച്ചിരിക്കുന്ന രേഖയില്‍ പറയുന്ന വാചകങ്ങളാണ് ഇത്.
തന്റെ സേവന മേഖലയുടെ സ്വഭാവം കണക്കിലെടുത്ത് താന്‍ കൊല്ലപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് ഫാദര്‍ റെനെ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാകാം, ഇത്തരമൊരു രേഖ അദ്ദേഹം മുന്‍കൂട്ടി തയാറാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. വൈദികന്റെ മുന്‍കൂട്ടിയുള്ള പരാമര്‍ശങ്ങള്‍ ഇപ്പോള്‍ നിയമ സംവിധാനങ്ങള്‍ ചര്‍ച്ചയ്ക്ക് എടുത്തിരിക്കുകയാണ്.
അഭിഭാഷകയായ ആഷ്‌ലി റൈറ്റിന്റെ വീക്ഷണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ മുന്‍കൂട്ടിയുള്ള അഭ്യര്‍ത്ഥന കണക്കിലാക്കാതെ ശിക്ഷ നടപ്പിലാക്കണമെന്ന വാദമാണ് നിലവില്‍ ഉള്ളത്. എന്നാല്‍ പ്രതിയായ സ്റ്റീവന്‍ മുറേ തന്റെ പ്രവര്‍ത്തിയില്‍ തീവ്രമായ ദുഃഖം പ്രകടിപ്പിക്കുകയും, മാനസികമായി പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയായതിനാലാണ് താന്‍ ഫാദര്‍ റെനെ റോബര്‍ട്ടിനെ കൊലപ്പെടുത്തിയതെന്നും പരസ്യമായി പറയുന്നു. വൈദികനെ താന്‍ സ്‌നേഹിച്ചിരുന്നതായും, പെട്ടെന്നുണ്ടായ മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും മുറേ സമ്മതിക്കുന്നു.
കൊല്ലപ്പെട്ട വൈദികന്റെ സഹോദരിയായ ഡിബോറാ ബിഡാര്‍ഡ് ആദ്യം കൊലപാതകയിലെ ശിക്ഷിക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ തന്റെ സഹോദരന്റെ ജീവിതകാലഘട്ടത്തില്‍ അദ്ദേഹം തന്നെ എഴുതിവച്ച ഒരു അഭിലാഷം നടപ്പിലാക്കണമെന്ന തിരിച്ചറിവിലേക്ക് പിന്നീട് അവര്‍ എത്തിച്ചേരുകയും, സഹോദരന്റെ ഘാതകന് മാപ്പ് നല്‍കുകയുമായിരുന്നു. നിയമരംഗത്ത് തന്നെ പുതിയ തരം തീരുമാനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് ഫാദര്‍ റെനെ റോബര്‍ട്ടിന്റെ കേസ് ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്.
