News - 2025
'ക്രിസ്തുവിന്റെ സമുറായി' വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
സ്വന്തം ലേഖകന്‍ 02-02-2017 - Thursday
ടോക്കിയോ: 'ക്രിസ്തുവിന്റെ സമുറായി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജസ്റ്റോ ടക്കായാമ യുകോണിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. ഫെബ്രുവരി മാസം ഏഴാം തീയതി ഒസാക്കയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോ, ജസ്റ്റോ ടക്കായാമ യുകോണിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തും. 1552-നും 1615-നും മധ്യേ ജപ്പാനില്‍ ജീവിച്ചിരുന്ന ഉത്തമ ക്രൈസ്തവ സാക്ഷ്യമുള്ള വ്യക്തിയായിരുന്നു ജസ്റ്റോ ടക്കായാമ യുകോണ്‍.
വലിയ ഭൂസ്വത്തുക്കള്‍ക്ക് ഉടമകളായിരുന്ന ജന്മിമാരുടെ കുടുംബത്തിലാണ് ജസ്റ്റോ ടക്കായാമ ജനിച്ചത്. ജപ്പാനില്‍ എത്തിയ ജസ്യൂട്ട് മിഷ്ണറിമാരുടെ പ്രവര്‍ത്തനം നേരില്‍ കണ്ട് മനസിലാക്കിയ അദ്ദേഹം 12-ാം വയസില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരുന്നു. ഉത്തമ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉടമയായ അദ്ദേഹം ജസ്യൂട്ട് വൈദികരുടെ പ്രവര്‍ത്തനത്തില്‍ ഏറെ ആകൃഷ്ടനായിരുന്നു. ഷോഗുന്‍ ടൊയോടൊമി ജപ്പാനില്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ക്രൈസ്തവ വിശ്വാസം നിരോധിക്കുകയുണ്ടായി.
എന്നാല്‍ തന്റെ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനേയും, അവനിലുള്ള വിശ്വാസത്തേയും ഉപേക്ഷിക്കുവാന്‍ തയ്യാറല്ലെന്നു ജസ്റ്റോ ടക്കായാമ യുകോണി പ്രഖ്യാപിച്ചു. ഇതിന്റെ പേരില്‍ ഷോഗുന്‍ ടൊയോടൊമിയുടെ അപ്രീതിക്ക് ഇടയായ ജസ്റ്റോ ടക്കാമായയ്ക്കും കുടുംബത്തിനും രാജാക്കന്‍മാര്‍ നല്‍കിയിരുന്ന പ്രത്യേക പദവിയും ആദരവും നിഷേധിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ക്രൈസ്തവ മത വിശ്വാസത്തെ നിരോധിച്ച ഷോഗുന്‍ ടൊയോടൊമിയുടെ നടപടിയെ ചോദ്യം ചെയ്ത ജസ്‌റ്റോയുടെ ഭൂസ്വത്തുക്കള്‍ അധികാരികള്‍ കണ്ടുകെട്ടി.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്ത 300 ക്രിസ്ത്യാനികള്‍ക്കൊപ്പം ജസ്റ്റോ ടക്കായാമയെ മനിലയിലേക്ക് പിന്നീട് നാടുകടത്തുകയായിരിന്നു. മനിലയില്‍ എത്തി 40 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, 1615 ഫെബ്രുവരി നാലാം തീയതി ജസ്റ്റോ ടാക്കായാമ അന്തരിച്ചു. നാമകരണ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വത്തിക്കാന്‍ സമിതിയുടെ അധ്യക്ഷനായ കര്‍ദിനാള്‍ ആഞ്ചിലോ അമാട്ടോ, ജസ്‌റ്റോ ടക്കായാമയുടെ നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കാമെന്ന് മാര്‍പാപ്പയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
മാര്‍പാപ്പ ഇതിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് 'ക്രിസ്തുവിന്റെ സമുറായി' വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. മാര്‍ട്ടിന്‍ സ്‌കോഴ്‌സസയുടെ പുതിയ ചലച്ചിത്രമായ 'സൈലന്‍സില്‍' ജപ്പാനിലേക്ക് എത്തിയ ജസ്യൂട്ട് വൈദികരുടെയും, ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരുടെയും കഥയാണ് പരാമര്‍ശിക്കുന്നത്.
