News - 2025
വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാമോ? സഭയിൽ ചർച്ചകൾ സജ്ജീവം
സ്വന്തം ലേഖകന്‍ 02-02-2017 - Thursday
വത്തിക്കാന്‍: വിവാഹം എന്നകൂദാശയിലൂടെ ഒന്നായ ദമ്പതികൾ പിന്നീട് സിവിൽ നിയമപ്രകാരം വിവാഹമോചനം നേടുകയും പുനർവിവാഹം കഴിക്കുകയും ചെയ്‌താൽ അവർക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ചു സഭയിൽ ചർച്ചകൾ സജ്ജീവം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയാ'യാണ് പുതിയ ചർച്ചകൾക്കു തുടക്കമിട്ടത്.
വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാമോ എന്ന വിഷയത്തിൽ അമോരിസ് ലെത്തീസിയ നൽകുന്ന പ്രബോധനത്തിൽ കൂടുതൽ വ്യക്തത നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കര്‍ദിനാളുമാരായ റെയ്മണ്ട് ബുർക്ക്, വാൾട്ടർ ബ്രാൻഡ്മുള്ളർ, ജോവാക്കിം മെസ്‌നർ, കാർലോ കഫാര എന്നിവർ മാര്‍പാപ്പയ്ക്ക് രേഖാമൂലം നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളുമാരുടെ ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
കര്‍ദിനാളുമാരുടെ ആവശ്യത്തെ പിന്‍താങ്ങി കഴിഞ്ഞ ദിവസം ആയിരത്തില്‍ അധികം വൈദികര്‍ രംഗത്തു വന്നു. കത്തോലിക്ക വൈദികരുടെ കൂട്ടായ്മയായ 'കണ്‍ഫ്രട്ടേണിറ്റി ഓഫ് കാത്തലിക് ക്ലെര്‍ജി' എന്ന സംഘടനയിലെ വൈദികരാണ് ഈ ആവശ്യവുമായി രംഗത്തു വന്നിട്ടുള്ളത്. 'അമോരിസ് ലെത്തീസിയായി'ല്‍ സഭയുടെ പ്രബോധനവുമായി ബന്ധപ്പെട്ട് ചില ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന കര്‍ദിനാളുമാരുടെ വാദത്തെ തങ്ങളും പിന്തുണയ്ക്കുന്നുവെന്ന്‍ സംഘടന വ്യക്തമാക്കി.
"സഭയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനും മുമ്പേ ഇതു സംബന്ധിക്കുന്ന ഒരു തീര്‍പ്പ് വരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. സഭയുടെ പ്രബോധനങ്ങളെ കൃത്യതയോട് കൂടി വിശദീകരിക്കേണ്ടത് ഇത്തരമൊരു സാഹചര്യത്തില്‍ ആവശ്യമാണ്. പാപകരമായ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാൻ സാധിക്കില്ലെന്ന വിലക്ക് നിലനില്‍ക്കുമ്പോള്‍, അപ്പോസ്‌ത്തോലിക പ്രബോധനത്തിലെ ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണെന്ന് തന്നെ കരുതുന്നു". വൈദികരുടെ കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതിനിടെ, വിവാഹ ബന്ധത്തില്‍ നിന്നും വേര്‍പ്പെട്ട് ജീവിക്കുമ്പോഴും വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനം അനുവദിക്കുന്നുണ്ടെന്ന് ജര്‍മ്മന്‍ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സും മാൾട്ടയിലെ ചില ബിഷപ്പുമാരും ചൂണ്ടികാണിക്കുന്നു. അമോരീസ് ലെത്തീസിയ വിവാഹ മോചനം നേടിയവരോടും, വിവാഹത്തില്‍ നിന്നും വേര്‍പ്പെട്ട് ജീവിക്കുന്നവരോടുമുള്ള സഭയുടെ സമീപനത്തിലെ മാറ്റമാണ് നിര്‍ദേശിക്കുന്നതെന്ന് ഈ ബിഷപ്പുമാര്‍ പറയുന്നു.
വത്തിക്കാനിലെ വിശ്വാസ പ്രബോധന സംഘത്തിന്റെ അധ്യക്ഷനും ജര്‍മ്മന്‍കാരനുമായ കർദ്ദിനാൾ ജര്‍ഹാര്‍ഡ് മുള്ളര്‍ ജര്‍മ്മന്‍ ബിഷപ്പുമാരുടെ ഈ നടപടിയെ സ്വീകരിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഇല്‍ തിമോണി എന്ന ഇറ്റാലിയന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ശക്തമായ നിലപാട് കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ വിശദീകരിക്കുന്നത്. മാര്‍പാപ്പയുടെ ഈ പ്രബോധനത്തെ തങ്ങൾക്കിഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കുവാൻ ബിഷപ്പുമാര്‍ക്ക് അധികാരമില്ലന്ന് അദ്ദേഹം പറഞ്ഞു. വിവാഹം വേര്‍പ്പെടുത്തിയവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ സാധിക്കുമെന്ന ബിഷപ്പുമാരുടെ വാദത്തെ കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ തള്ളികളഞ്ഞു.
സിവിൽ നിയമപ്രകാരം വിവാഹമോചനം നേടുകയും പുനർവിവാഹം കഴിക്കുകയും ചെയ്‌തവർക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ അനുവാദമില്ല എന്നുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നിര്‍ദേശങ്ങള്‍ സഭയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൈവം യോജിപ്പിച്ച വിവാഹ ബന്ധം സ്വയം വേർപെടുത്തിയതിനു ശേഷം പുനർവിവാഹം ചെയ്തവർ വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ പാടില്ല എന്നുള്ളത് ദൈവിക നിയമമാണെന്നും അതിൽ മാറ്റം വരുത്തുവാൻ മാർപാപ്പയ്ക്കുപോലും അധികാരമില്ലെന്നും കർദ്ദിനാൾ മുള്ളര്‍ അഭിപ്രായപ്പെട്ടു.
![](/images/close.png)