News - 2025
യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന യുക്രൈന്‍ ജനതയ്ക്ക് സഹായഹസ്തവുമായി കാരിത്താസ്
സ്വന്തം ലേഖകന്‍ 04-02-2017 - Saturday
കീവ്: യുദ്ധം മൂലം ക്ലേശമനുഭവിക്കുന്ന കിഴക്കന്‍ യുക്രൈനിലേക്ക് സഹായവുമായി കത്തോലിക്ക സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസ് രംഗത്ത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പത്തു സാധാരണക്കാരാണ് പ്രദേശത്ത് കൊല്ലപ്പെട്ടത്. അവ്ഡീവ്കാ എന്ന പട്ടണത്തെയാണ് യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആയിരക്കണക്കിന് നഗരവാസികള്‍ ഇതിനോടകം തന്നെ പട്ടണത്തില്‍ നിന്നും പലായനം ചെയ്തു കഴിഞ്ഞു. എന്നാല്‍ നിരവധി പേര്‍ ഇപ്പോഴും എവിടേയ്ക്ക് പോകണമെന്നറിയാതെ പട്ടണത്തില്‍ കുടുങ്ങി കിടക്കുകയാണ്. മേഖലയില്‍ കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.
ഡോണ്‍സ്‌റ്റെക് മേഖലയെ കേന്ദ്രീകരിച്ചാണ്, കാരിത്താസ് യുദ്ധത്തില്‍ അകപ്പെട്ടു പോയവര്‍ക്കുള്ള സഹായം ലഭ്യമാക്കുന്നത്. അന്താരാഷ്ട്ര സമൂഹം കിഴക്കന്‍ യുക്രൈനില്‍ ദുരിതമനുഭവിക്കുന്ന ജനതയെ മറന്ന തരത്തിലാണ് പെരുമാറുന്നതെന്ന് കാരിത്താസിന്റെ യൂറോപ്യന്‍ സെക്രട്ടറി ജനറലായ ജോര്‍ജി ന്യൂണോ മേയര്‍ പറഞ്ഞു. വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. യുദ്ധത്തില്‍ കഷ്ടം അനുഭവിക്കുന്നവര്‍ക്കായി കാരിത്താസ് കൂടുതല്‍ സഹായം എത്തിച്ചു നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, ഇതിനായി അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും അദ്ദേഹം അഭിമുഖത്തില്‍ അഭ്യര്‍ത്ഥിച്ചു.
മേഖലയില്‍ കാല്‍ലക്ഷ്യത്തോളം ആളുകളാണ് വസിക്കുന്നത്. ഇതില്‍ തന്നെ 15,000 പേര്‍ ഇവിടെ നിന്നും പലായനം ചെയ്തു. രണ്ടായിരത്തില്‍ അധികം കുട്ടികള്‍ക്കും, പതിനായിരത്തോളം മുതിര്‍ന്നവര്‍ക്കും ഇതു വരെ യുദ്ധമുഖത്തു നിന്നും രക്ഷപെടുവാന്‍ സാധിച്ചിട്ടില്ല. കാലവസ്ഥ പ്രതികൂലമായിരിക്കുന്നതും മേഖലയിലെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി കാരിത്താസ് സെക്രട്ടറി ജനറല്‍ പറയുന്നു.
"കാരിത്താസ് യുക്രൈന്റെ നേതൃത്വത്തില്‍ ആയിരം ഭക്ഷണപൊതിയാണ് ഇതുവരെ മേഖലയില്‍ അടിയന്തര സഹായം എന്ന നിലയ്ക്ക് വിതരണം ചെയ്തിരിക്കുന്നത്. 10 ടണ്‍ ഭക്ഷണ സാധനങ്ങള്‍ ഇവിടെ വിതരണത്തിനായി തയ്യാറാക്കുന്നുണ്ട്. രണ്ടാഴ്ച്ചയോളം ഇവിടെയുള്ളവര്‍ക്ക് ഭക്ഷണം കഴിക്കുവാന്‍ ഇതു മതിയാകും. പ്രദേശത്തെ ആളുകള്‍ക്ക് വൈദ്യസഹായം എത്തിച്ചു നല്‍കുന്നതിനായി മെഡിക്കല്‍ കിറ്റും വിതരണം ചെയ്യുവാന്‍ കാരിത്താസ് തീരുമാനിച്ചിട്ടുണ്ട്".
"അഞ്ചു മില്യണ്‍ ആളുകളെ ബാധിക്കുന്ന ഒരു യുദ്ധമാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ ഒരു മാധ്യമവും ഇതിനെ കുറിച്ച് ശരിയായ റിപ്പോര്‍ട്ടുകള്‍ പുറം ലോകത്തെ അറിയിക്കുന്നില്ല. മുന്നു മില്യണ്‍ ആളുകള്‍ യുദ്ധത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. മൈനസ് 17 ഡിഗ്രിയാണ് ഇവിടെ അനുഭവപ്പെടുന്ന താപനില. വൈദ്യുത ബന്ധം പല സ്ഥലങ്ങളിലും വിഛേദിക്കപ്പെട്ട നിലയിലാണ്". ജോര്‍ജി ന്യൂണോ മേയര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെയും സഭയുടെയും കൈത്താങ്ങ് യുക്രൈന്‍ ജനതയ്ക്ക് ആവശ്യമാണെന്ന് പറഞ്ഞ ജോര്‍ജി ന്യൂണോ, എല്ലാവരോടും ഈ വിഷയത്തെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്.
