News - 2024

അമേരിക്കന്‍ ജനതയ്ക്ക് വേണ്ടത് ആത്മീയ വിജയം: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ലേഖകന്‍ 04-02-2017 - Saturday

വാഷിംഗ്ടണ്‍: ഭൗതിക സാഹചര്യങ്ങളെ കണക്കിലെടുത്തല്ല, ആത്മീയ വിജയങ്ങളെ കണക്കാക്കി വേണം അമേരിക്കന്‍ ജനത തങ്ങളുടെ ജീവിത വിജയം നിശ്ചയിക്കുവാനെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണില്‍ നടന്ന നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റില്‍ പങ്കെടുത്തു പ്രസംഗിക്കുമ്പോഴാണ് ആത്മീയ വിജയമാണ് മനുഷ്യര്‍ക്ക് ഏറ്റവും ആവശ്യമായിരിക്കുന്ന ഘടകമെന്ന് ട്രംപ് പറഞ്ഞത്. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ പരസ്യമായി വീണ്ടും സാക്ഷ്യപ്പെടുത്താനുള്ള വേദിയായി ട്രംപ് നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങിനേയും മാറ്റി.

"അമേരിക്ക ദൈവവിശ്വാസികളുടെ രാജ്യമാണ്. നാം നമ്മുടെ ജീവിത വിജയത്തെ ഭൗതീകമായ സാഹചര്യങ്ങളെ നോക്കിയല്ല തീരുമാനിക്കേണ്ടത്. മനുഷ്യരുടെ ജീവിത നിലവാരം അവരുടെ ആത്മീയ അടിത്തറയില്‍ അടിസ്ഥാനപ്പെട്ടാണു കിടക്കുന്നത്. വലിയ തോതില്‍ പണവും പ്രതാപവുമുള്ള പല മനുഷ്യരുടെയും ജീവിതം തികച്ചും മോശമായ അവസ്ഥയിലാണ്. ആത്മീയ സന്തോഷം ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പണമില്ലാത്ത പലര്‍ക്കും തങ്ങളുടെ ജീവിതങ്ങളില്‍ സന്തോഷം കണ്ടെത്തുവാന്‍ സാധിക്കുന്നുണ്ട്. ഇതില്‍ നിന്നു തന്നെ ഭൗതീക സാഹചര്യങ്ങളില്‍ അടിസ്ഥാനപ്പെട്ടല്ല മനുഷ്യന്റെ സന്തോഷമെന്ന കാര്യം വ്യക്തമാണ്". ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയുള്‍പ്പെടെ മൂവായിരത്തില്‍ അധികം രാഷ്ട്രീയ നേതാക്കളാണ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നത്. അല്‍-ക്വയ്ദയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ഡൊണാള്‍ഡ് ട്രംപ് ഡീലിവെയര്‍ സന്ദര്‍ശിച്ചിരിന്നു. രാജ്യത്തിന് വേണ്ടി സൈനിക വേഷം ധരിച്ച ആരെയും താന്‍ മറക്കുകയില്ലെന്നും, തങ്ങളുടെ സഹോദരങ്ങള്‍ സുരക്ഷിതരായി ജീവിക്കുവാന്‍ വേണ്ടിയാണ് സൈനികര്‍ ജീവന്‍ ബലികഴിക്കുന്നതെന്നും ട്രംപ് ചടങ്ങില്‍ പറഞ്ഞു. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ 18 മിനിറ്റ് പ്രസംഗിച്ച ട്രംപ്, നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റില്‍ 19 മിനിറ്റ് നേരം സംസാരിച്ചു.

മതസ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടല്‍ നടത്തുവാന്‍ സാധിക്കില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം താന്‍ റദ്ദാക്കുമെന്നും ട്രംപ് ചടങ്ങില്‍ പ്രഖ്യാപിച്ചു.1954-ല്‍ സെനറ്ററായിരുന്ന ലിന്‍ഡന്‍ ജോണ്‍സനാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ച ശേഷം അതിനെ നിയമമാക്കി മാറ്റുവാന്‍ മുന്‍കൈ എടുത്തത്.

"സ്വാതന്ത്ര്യമെന്നത് സര്‍ക്കാര്‍ നല്‍കുന്ന ഒരു സമ്മാനമല്ല. മറിച്ച് അത് ദൈവത്തില്‍ നിന്നുള്ള ദാനമാണ്. മഹാനായ തോമസ് ജെഫേഴ്‌സണ്‍ പറഞ്ഞത് ഇപ്രകാരമാണ്. ദൈവം നമുക്ക് ജീവന്‍ നല്‍കി, അവിടുന്ന് തന്നെയാണ് നമുക്ക് സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നത്. ഇതിനാലാണ് മതസ്ഥാപനങ്ങള്‍ക്ക് മേല്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന ചില നിയമങ്ങള്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ ജനതയ്ക്ക് മതസ്വാതന്ത്ര്യം ഉണ്ട്. ഇതിനെ സംരക്ഷിക്കുക തന്നെ വേണം". ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി.

അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ട്രംപ് തന്റെ പ്രസംഗത്തില്‍ വീണ്ടും ന്യായീകരിച്ചു. അമേരിക്കന്‍ ജനതയെ വെറുക്കുന്ന ഒരു വിഭാഗം ആളുകളെ യുഎസിലേക്കു കടത്തിവിട്ട്, രാജ്യത്തെ പൗരന്‍മാരുടെ സ്ഥിതിയെ അപകടത്തില്‍ ആക്കുവാന്‍ താന്‍ ഒരിക്കലും താല്‍പര്യപ്പെടുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. തനിക്ക് വേണ്ടി ആളുകള്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നു പറയുന്ന വാക്കുകളെയാണ് താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.


Related Articles »