News - 2024

റിയോ ഡി ജനീറോയിലുള്ള ‘രക്ഷകനായ ക്രിസ്തു’ ശിൽപം ഇനി വിഴിഞ്ഞത്തും

സ്വന്തം ലേഖകന്‍ 05-02-2017 - Sunday

വിഴിഞ്ഞം: ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ‘ക്രൈസ്റ്റ് ദ് റെഡീമർ’ ശിൽപ മാതൃകയിൽ വിഴിഞ്ഞം മൽസ്യബന്ധന തുറമുഖത്തിന് അഭിമുഖമായി ക്രിസ്തുവിന്റെ 33 അടി ഉയരമുള്ള തിരുസ്വരൂപം വിശ്വാസികള്‍ക്കായി ഇന്നു തുറന്നുകൊടുക്കും. ശില്‍പ്പത്തോട് ചേര്‍ന്ന് കുരിശടിയും നിത്യാരാധനാ ചാപ്പലുമുണ്ട്. ഇന്ന് വൈകിട്ട് അഞ്ചിനു നടക്കുന്ന ആശീര്‍വാദ ചടങ്ങ് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം നിര്‍വ്വഹിക്കും.

രാജ്യാന്തര തുറമുഖത്തോടു ചേർന്നു കടലിനഭിമുഖമായി ക്രിസ്തുരൂപം സ്ഥാപിച്ചത് വിഴിഞ്ഞം സിന്ധുയാത്രാ മാതാ ദേവാലയ നേതൃത്വത്തിലാണ്. യേശുക്രിസ്തു ജീവിച്ചിരുന്നത് 33 വയസ്സുവരെയാണെന്ന വിശ്വാസത്തിലാണ് 33 അടി ഉയരത്തിൽ പ്രതിമ നിർമിച്ചത്. മേനംകുളം സ്വദേശി ശിൽപി രാജേഷ് അമൽ, ജിജോ പോൾ, ബെഡിസൺ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു വർഷത്തെ പ്രയത്നമാണ് ശില്‍പ്പത്തിന് പിന്നില്‍.

2015 ഫെബ്രുവരി രണ്ടിന് ആരംഭിച്ച നിർമാണ പ്രവർത്തനത്തിനു കോൺക്രീറ്റ് മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ചാപ്പൽ, വിശുദ്ധ യൌസേപ്പ് പിതാവിന്റെ കുരിശടി, ഇതിനു മുകളിൽ ക്രിസ്തുരൂപം എന്നിങ്ങനെയാണു നിർമാണം. ആകെ 90 അടിയോളം ഉയരമുണ്ട്.


Related Articles »