News
കഴിഞ്ഞ വര്‍ഷം ദൈവവിളിയ്ക്കായി വാഗ്‌ദാനമെടുത്തത് 200ലേറെ അമേരിക്കക്കാര്‍
സ്വന്തം ലേഖകന്‍ 06-02-2017 - Monday
വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയില്‍ ക്രൈസ്‌തവ വിശ്വാസം നാശത്തിലേക്കു കൂപ്പുകുത്തുകയാണെന്ന് ആരോപണമുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി കഴിഞ്ഞ വര്‍ഷം ദൈവവിളി വാഗ്‌ദാനം നടത്തിയവരെ സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ അപ്പോസ്‌തലേറ്റ് ഗവേഷണ കേന്ദ്രത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വിശ്വാസികള്‍ക്ക് ഏറെ ആവേശം പകരുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 2016ല്‍ അമേരിക്കയില്‍ സ്‌ത്രീകളും പുരുഷന്മാരുമടക്കം 216 പേരാണ് സമര്‍പ്പിത ജീവിതത്തിനായി വാഗ്‌ദാനമെടുത്തത്.
അമേരിക്കന്‍ മെത്രാന്മാരുടെ സെക്രട്ടറിയേറ്റിനും മറ്റു മേലധികാരികള്‍ക്കുമായി സര്‍വ്വകലാശാല കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടില്‍ ദൈവവിളി സ്വീകരിച്ചവരുടെ സര്‍വ്വേ ഫലം വിശകലനം ചെയ്‌തിട്ടുണ്ട്. സമര്‍പ്പിത ജീവിതത്തിനായി വാഗ്ദാനം നടത്തിയവരുടെ ശരാശരി പ്രായം 36 വയസ്സാണ്. എല്ലാവരും 18-ാം വയസ്സിനു മുമ്പേ തന്നെ ദൈവവിളിയെ മനസ്സിലേറ്റിയവരായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
സമര്‍പ്പിത ജീവിതത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പായി 60 ശതമാനം പേരും ദിവ്യകാരുണ്യത്തോടുള്ള ഭക്തി സുപ്രധാന ഘടകമായി കരുതിയിരുന്നുവെന്ന് വ്യക്തമാക്കി. ഇത്രത്തോളം തന്നെ പേര്‍ ജപമാല പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ഏറെ പ്രാധാന്യം നല്‍കിയിരിന്നു. 50 ശതമാനം പേര്‍ ബൈബിള്‍ പഠനം പോലെയുള്ള ആത്മീയ നിര്‍ദ്ദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിരിന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
പുതിയതായി വ്രതവാഗ്‌ദാനം നടത്തിയവരില്‍ 66 ശതമാനവും വെളുത്ത വര്‍ഗ്ഗക്കാരാണ്. ഏഷ്യന്‍ വംശജരും ഹവായിയില്‍ ജനിച്ചവരും ശാന്ത സമുദ്ര ദ്വീപുകളില്‍ ജനിച്ചവരുമായി 16 ശതമാനമുണ്ട്. ആഫ്രിക്ക, ആഫ്രിക്കന്‍-അമേരിക്കന്‍, കറുത്ത വിഭാഗത്തില്‍ നിന്നും നാലു ശതമാനമാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്. സമര്‍പ്പിത ജീവിതത്തിനായി വാഗ്ദാനം നടത്തിയവരില്‍ 67 ശതമാനം പേര്‍ അമേരിക്കയില്‍ ജനിച്ചവരും ഇതിനു തൊട്ടു പിന്നില്‍ തന്നെ ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ജനിച്ചവരുമുണ്ട്.
പകുതിയോളം പേര്‍ അവരുടെ ദൈവവിളി നിയോഗത്തെ ഇടവക വികാരി പ്രോത്സാഹിപ്പിച്ചെന്നു പറഞ്ഞപ്പോള്‍ 40 ശതമാനത്തോളം പേരെ സുഹൃത്തുക്കളാണ് പ്രോത്സാഹിപ്പിച്ചതെന്നു പറയുന്നു. എന്നാല്‍ ദൈവവിളിയെ മാതാപിതാക്കള്‍, ബന്ധുക്കള്‍, കൂട്ടുകാര്‍, സഹപാഠികള്‍ തുടങ്ങിയവര്‍ നിരുത്സാഹപ്പെടുത്തിയതായും സര്‍വ്വേയില്‍ ചിലര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമര്‍പ്പിത ജീവിതത്തിനായി വാഗ്‌ദാനം ചെയ്‌തവരില്‍ 81 സന്യസ്ഥരും 96 ബ്രദറുമാരുമാണ് സര്‍വ്വേയോട് പ്രതികരിച്ചത്.
